കേരളം അടുത്ത തവണ ബി.ജെ.പി ഭരിക്കും, ഞാന്‍ അംഗത്വം എടുക്കുന്ന കാര്യം പറയാറായിട്ടില്ല: പി.സി ജോര്‍ജ്

അടുത്ത തവണ കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി.സി ജോര്‍ജ്. താന്‍ ബിജെപിയില്‍ പോകുമോയെന്ന് പറയാറായിട്ടില്ല. ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പി. സി ജോര്‍ജ് പറഞ്ഞു. വിക്ടര്‍ ടി തോമസിന്റെ ബിജെപി പ്രവേശനത്തോട് പ്രതികരിക്കവെയാണ് തന്റെ ചുവടുമാറ്റത്തെക്കുറിച്ചും പി സി സൂചന നല്‍കിയത്.

‘കേരളം അടുത്ത തവണ ബിജെപിയുടെ കൈകളിലേക്ക് പോകും. ഞാന്‍ ബിജെപിയില്‍ പോകുമോയെന്ന് പറയാറായിട്ടില്ല. എന്റെ കാര്യം ഞാന്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. നിങ്ങളെ അറിയിച്ചിട്ടേ ബിജെപിയിലേക്ക് പോകൂ’ പി.സി ജോര്‍ജ് പ്രതികരിച്ചു.

വിക്ടര്‍ ടി തോമസിന്റെ ബിജെപി പ്രവേശനം നേരത്തെ പ്രതീക്ഷിച്ചിരുന്നുവെന്നും നാളെ ക്രൈസ്തവ നേതാക്കള്‍ മാത്രമല്ല, കൂട്ടത്തോടെ ആളുകള്‍ ബിജെപിയിലേക്ക് ചേക്കേറുമെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറില്‍ നിന്ന് വിക്ടര്‍ ടി തോമസ് നേരിട്ട് ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. കേരള കോണ്‍ഗ്രസ് (ജോസഫ്) പത്തനംതിട്ട ജില്ല പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു വിക്ടര്‍ ടി തോമസ് തിരുവല്ല നിയോജക മണ്ഡലത്തില്‍ രണ്ട് തവണ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ടെങ്കിലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല.