ഷാറൂഖ് സെയ്ഫി തീവ്രവാദി; സാക്കിര്‍ നായികിന്റെ വീഡിയോകള്‍ നിരന്തരം കണ്ടു; എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ കേരള പൊലീസ്

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി തീവ്രവാദിയെന്ന് കേരള പൊലീസ്. സാക്കിര്‍ നായ്ക്ക്, ഇസ്രാര്‍ അഹമ്മദ് തുടങ്ങിയ ആളുകളുടെ വീഡിയോകള്‍ പ്രതി നിരന്തരം കാണാറുണ്ടെന്ന് എഡിജിപി എം.ആര്‍.അജിത് കുമാര്‍ വ്യക്തമാക്കി.

ഷാറൂഖ് തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് ഇതുവരെയുളള അന്വേഷണത്തില്‍ വ്യക്തമായി. അക്രമം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കേരളത്തിലെത്തിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്കെതിരെ ഇന്നലെ യുഎപിഎ ചുമത്തിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പ്രതിക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Read more

പ്രതിക്കെതിരെയുള്ള ശാസ്ത്രീയമായ എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളും മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുമായും സഹകരിച്ചാണ് അന്വേഷണം നടത്തിയത്. ഷാറൂഖ് നാഷണല്‍ ഓപ്പണ്‍ സ്‌കൂളില്‍ പഠിച്ച ആളാണ്. പ്ലസ് ടു വിദ്യാഭ്യാസം നേടിയിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും എഡിജിപി പറഞ്ഞു.