ശ്രീജിവിന്റെ മരണത്തില്‍ മുന്‍ ആഭ്യന്തരമന്ത്രിക്കെതിരെ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍; 'ഉത്തരവാദത്തപ്പെട്ട സ്ഥാനത്ത് ഇരുന്നവര്‍ക്ക് ഇപ്പോള്‍ മറവി രോഗം'

പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്റെ മരണത്തില്‍ വിശദീകരണവുമായും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ചും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍. ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു ശ്രീജിവിന്റെ ഇന്‍ക്വസ്റ്റ് നടത്തിയത്. ഉദ്യോഗസ്ഥര്‍ നിരപരാധികളാണെങ്കില്‍ അവരെ ക്രൂശിക്കരുതെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അസോസിയേഷന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിശദീകരിച്ചു.

ഇതുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകളും പോസ്റ്റുകളും ചര്‍ച്ചകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പോലീസിന് സ്വന്തം ഭാഗം വ്യക്തമാക്കാന്‍ കഴിയാതെ പതിവ് നിസഹായവസ്ഥയിലാണ് ഇപ്പോഴും ഉള്ളതെന്ന് അസോസിയേഷന്‍ ആരോപിക്കുന്നു. ഈ സംഭവത്തെ ഇപ്പോള്‍ സജീവമായി ഉയര്‍ത്തിക്കൊണ്ട് വന്നതെന്തുകൊണ്ട് എന്ന ചോദ്യം സ്വാഭാവികമായും ഉയരുമ്പോള്‍ അതിലെ രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും അസോസിയേഷന്‍ പറയുന്നു.

രമേശ് ചെന്നിത്തല യെയുംഅസോസിയേഷന്‍ പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരുന്നവര്‍ മറവി രോഗത്തിന് അടിമപ്പെട്ടുവെന്നും അതുകൊണ്ടാണ് ഇപ്പോള്‍ ഹാഷ് ടാഗുമായി രംഗത്തെത്തിയിരിക്കുന്നതെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.

മാന്യമായ വസ്ത്രം ധരിച്ചാവണം ഒരു മനുഷ്യനെ ലോക്കപ്പില്‍ പാര്‍പ്പിക്കേണ്ടത് എന്ന് തിരിച്ചറിവ് ഉണ്ടെങ്കിലും മുന്‍കാലങ്ങളിലെ തീക്ഷ്ണമായ അനുഭവങ്ങളാണ് അടിവസ്ത്രത്തില്‍ ഒരു പ്രതിയെ ലോക്കപ്പില്‍ പാര്‍പ്പിക്കാന്‍ ഒരോ പോലീസുകാരനും നിര്‍ബന്ധതിനാകുന്നതെന്നും അസോസിയേഷന്‍ ന്യായീകരിക്കുന്നു.

മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കുറ്റത്തിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശ്രീജീവ് അറസ്റ്റ് ചെയ്യപ്പെട്ടത്. കുറ്റം അയാള്‍ ആദ്യമേ സമ്മതിക്കുകയും ചെയ്തിരുന്നു.മോഷ്ടിച്ച മൊബൈലുകള്‍ കമ്പനി റെപ്രസെന്റേറ്റീവ് എന്നു പറഞ്ഞ് മറ്റ് പല കടകളിലും വില്‍ക്കുവാനും ശ്രീജീവ് ശ്രമിച്ചിരുന്നു. ആ കടക്കാരൊക്കെയും പോലീസിന് തെളിവും മൊഴിയും നല്‍കിയിട്ടുണ്ട്.

സബ്കളക്ടര്‍ ആയിരുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ശ്രീജീവിന്റെ ശരീരം ഇന്‍ക്വസ്റ്റ് നടത്തിയത്. മെഡിക്കല്‍ കോളേജിലെ ഒരു സംഘം ഡോക്ടര്‍മാരാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. കൂടാതെ ശ്രീജീവില്‍ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പ് ഫോറിന്‍സിക് പരിശോധനയും നടത്തിയിരുന്നു. ഇങ്ങനെ സാധ്യമായ എല്ലാം ഉപയോഗിച്ച് വസ്തുത പുറത്ത് കൊണ്ടുവരണം. അതിലൂടെ പോലീസ് ഉദ്യോഗസ്ഥര്‍ ആരെങ്കിലും കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

പോലീസിനെതിരെ ചില ആക്ഷേപങ്ങള്‍ ഇപ്പോഴും ഉയര്‍ന്നുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരോടായി പൊതുവേദിയില്‍ പറഞ്ഞ വാക്കുകള്‍ ഗൗരവമായി കാണേണ്ടത്. അതെ, കുറ്റവാളികളെ കണ്ടെത്തി കോടതിയില്‍ എത്തിക്കുക മാത്രമാണ് പോലീസ് ജോലി. അല്ലാതെ പ്രാകൃത ശൈലിയിലെ പോലീസിംഗ് ഈ ആധുനിക കാലഘട്ടത്തില്‍ ആരില്‍നിന്നും ഉണ്ടാകാന്‍ പാടില്ല. ഇത് ഉറപ്പാക്കാനുള്ള ബാധ്യത മുഴുവന്‍ സഹപ്രവര്‍ത്തകരും ഏറ്റെടുക്കേണ്ടതാണെന്നും അസോസിയേഷന്‍ വിശദമാക്കുന്നു.
ഇതിനിടെ സഹോദരന്റെ മരണത്തിന് നീതി തേടി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയേറുകയാണ്.