നിര്‍മ്മാണം നിര്‍ത്തിയെന്ന് പിണറായി പറഞ്ഞ തടങ്കല്‍ പാളയങ്ങള്‍ കേരളത്തില്‍ തുറന്നു; അനധികൃത കുടിയേറ്റക്കാരെ എത്തിച്ചത് അര്‍ദ്ധരാത്രിയില്‍

അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കനായി കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ (ഡിറ്റന്‍ഷന്‍ സെന്റര്‍) നിര്‍മ്മിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പ് പാഴായി. കേരളത്തിലെ ആദ്യം തടങ്കല്‍ പാളയം കൊല്ലം ജില്ലയിലെ കൊട്ടിയത്ത് ആരംഭിച്ചു.

കേരള പൊലീസിന്റെ നേതൃത്വത്തില്‍ തൃശൂരിലെ താല്‍ക്കാലിക ട്രാന്‍സിറ്റ് ഹോമിലെ അന്തേവാസികളെ നവംബര്‍ 22 ന് പുലര്‍ച്ചെ 4 മണിക്ക് കൊട്ടിയയത്തെ പുതിയ കേന്ദ്രത്തിലേക്ക് മാറ്റി. തൃശൂരിലെ കേന്ദ്രത്തില്‍ 2 നൈജീരിയക്കാര്‍ ഉള്‍പ്പെടെ 3 പേരെയാണ് താമസിപ്പിച്ചിരുന്നത്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദേശികളെ ഇതുവരെ അതത് ജയില്‍ വളപ്പില്‍ തന്നെയാണ് താമസിപ്പിച്ചിരുന്നത്. ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്നു പരാമര്‍ശം വന്നതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മോഡല്‍ ഡിറ്റന്‍ഷന്‍ മാന്വലിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യനീതി വകുപ്പിന് കീഴിലാണ് തടങ്കല്‍ കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്.

ശിക്ഷാ കാലാവധി കഴിഞ്ഞവര്‍ക്ക് അവരുടെ രാജ്യത്തേക്കു തിരിച്ചുപോകുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ ഈ കേന്ദ്രങ്ങളില്‍ താമസിക്കാം.അനധികൃതമായി രാജ്യത്തു പ്രവേശിക്കുന്ന വിദേശികള്‍, വീസ, പാസ്പോര്‍ട്ട് കാലാവധി തീര്‍ന്ന ശേഷവും ഇവിടെ തുടരുന്നവര്‍ എന്നിവരെയും രാജ്യം വിടുന്നതു വരെ ഈ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളോടും ഡിറ്റന്‍ഷന്‍ സെന്ററുകള്‍ നിര്‍മിക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഈ നിര്‍ദേശം കേരളത്തില്‍ നടപ്പാകില്ലെന്നും ഡിറ്റഷന്‍ സെന്ററുകള്‍ സ്ഥാപിക്കുകയില്ലെന്നും നിയമസഭയില്‍ പിണറായി വിജയന്‍ പറഞ്ഞിരുന്നു.

കൊട്ടിയത്തെ കേന്ദ്രത്തില്‍ 20 പേരെ പാര്‍പ്പിക്കാന്‍ കഴിയും. തടങ്കല്‍ പാളയത്തിന് സുരക്ഷ നല്‍കാന്‍ ആഭ്യന്തര വകുപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കമാലുദ്ദീന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കൊട്ടിയം മയ്യനാട്ടില്‍ 32 സെന്റ് സ്ഥലമുള്ള കെട്ടിടത്തിലാണ് തടങ്കല്‍ പാളയം ആരംഭിച്ചതെന്ന് സാമൂഹ്യനീതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മയ്യനാട് പഞ്ചായത്ത് പരിധിയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിനു സമീപത്തെ വാടകക്കെട്ടിടത്തിലാണ് ട്രാന്‍സിറ്റ് ഹോം ഈ മാസം 18ന് പ്രവര്‍ത്തനം ആരംഭിച്ചത്. കുറ്റകൃത്യങ്ങളില്‍ പെട്ട് തടവുശിക്ഷാ കാലാവധി തീര്‍ന്ന ശേഷം വിദേശത്തേക്ക് മടങ്ങാനിരിക്കുന്നവരെയും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെയും പാര്‍പ്പിക്കാനുള്ള കേന്ദ്രമാണിതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാനത്ത് തടങ്കല്‍ കേന്ദ്രം തുടങ്ങണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശത്തിന് മറുപടിയായാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

5000 ചതുരശ്ര അടിയില്‍ 5 മുറികളോടു കൂടിയ ഇരുനില കെട്ടിടമാണ് സജ്ജമാക്കിയിരിക്കുന്നത്. പ്രധാന കെട്ടിടത്തിന് പുറത്തായി 500 ചതുരശ്ര അടി ഔട്ട് ഹൗസ്, ഭക്ഷണശാല എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. നിലവില്‍ 3 നൈജീരിയന്‍ സ്വദേശികളും ഒരു എല്‍സാല്‍വദോര്‍ സ്വദേശിയും എത്തിയിട്ടുണ്ട്. ആകെ 20 പേര്‍ക്ക് ഇവിടെ തങ്ങാനാകും. എസ്‌ഐ ഉള്‍പ്പെടെ 3 സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ജീവനക്കാര്‍, കെയര്‍ടേക്കര്‍, 2 ഗേറ്റ് കീപ്പര്‍മാര്‍, ക്ലാര്‍ക്ക്, ഹോം മാനേജര്‍, ഭക്ഷണം പാചകം ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ള കരാര്‍ ജീവനക്കാര്‍ എന്നിവര്‍ സെന്ററില്‍ ഉണ്ടാകുമെന്നും ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊട്ടിയത്തെ സെന്ററിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കൊല്ലം ജില്ലാ സാമൂഹ്യനീതി ഓഫീസറെ നിയോഗിച്ചിട്ടുണ്ട്. പാചകത്തൊഴിലാളി തസ്തികയിലേക്ക് വകുപ്പ് അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും ആരും എത്തിയില്ല. അതിനാല്‍ കഴിഞ്ഞ ദിവസം വീണ്ടും വിജ്ഞാപനം പുറപ്പെടുവിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ സി.സി.ടി.വി ക്യാമറ, മതിലിന് ചുറ്റും മുള്ളുവേലി, ജനറേറ്റര്‍, ഫയര്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ സ്ഥാപിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തില്‍ ഡിറ്റന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നുവെന്ന് 2019ല്‍ ദ ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.

ഡിറ്റന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും 2012 മുതല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് അന്നു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയോ, വിസ, പാസ്പോര്‍ട്ട് കാലാവധി തീര്‍ന്ന ശേഷവും അനധികൃതമായി രാജ്യത്ത് തുടരുകയോ ചെയ്യുന്ന വിദേശികളെയും, ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി അവരുടെ രാജ്യത്ത് തിരിച്ചുപോകുന്നതിനുള്ള നിയമനടപടികള്‍ക്കായി കാത്തിരിക്കുന്ന വിദേശികളെയും രാജ്യം വിടുന്നതുവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ ഇത്തരം സെന്റര്‍ സ്ഥാപിക്കണമെന്ന് 2012 ഓഗസ്റ്റില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, വിഷയം സംബന്ധിച്ച യാതൊരു ഫയലും തന്റെ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരാരും കണ്ടിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് അന്നു നല്‍കിയ വിശദീകരണം ഇങ്ങനെയായിരുന്നു.

സംസ്ഥാനത്ത് ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. ദി ഹിന്ദു ദിനപത്രത്തില്‍ ആരോപിക്കുന്നതു പോലൊരു തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. അതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങള്‍ നടത്തുന്നത് വ്യാജ പ്രചാരണമാണ്.

ഇക്കാര്യത്തിലെ വസ്തുതകള്‍:

ഏഴുവര്‍ഷം മുമ്പ് 2012 ആഗസ്റ്റില്‍ ഡിറ്റന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനത്തെയും ആഭ്യന്തര സെക്രട്ടറിമാരെ ഒരു കത്ത് മുഖേന അറിയിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയോ, വിസ, പാസ്പോര്‍ട്ട് കാലാവധി തീര്‍ന്ന ശേഷവും അനധികൃതമായി രാജ്യത്ത് തുടരുകയോ ചെയ്യുന്ന വിദേശികളെയും, ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി അവരുടെ രാജ്യത്ത് തിരിച്ചുപോകുന്നതിനുള്ള നിയമനടപടികള്‍ക്കായി കാത്തിരിക്കുന്ന വിദേശികളെയും രാജ്യം വിടുന്നതുവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ ഇത്തരം സെന്റര്‍ സ്ഥാപിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇതിനായുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം.

ഈ കത്തിന്റെ അടിസ്ഥാനത്തില്‍ 2015 നവംബര്‍ നാലിന് ആഭ്യന്തര വകുപ്പ് യോഗം വിളിച്ചുചേര്‍ത്തു. അന്നത്തെ ഡി.ജി.പി.യും എ.ഡി.ജി.പി ഇന്റലിജന്‍സും, ജയില്‍ വകുപ്പ് ഐ.ജി.യും ഉള്‍പ്പെടെ ആ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിന്റെ തീരുമാനപ്രകാരം സംസ്ഥാനത്ത് അടിയന്തരമായി അത്തരം സെന്ററുകള്‍ സ്ഥാപിക്കാന്‍ നിശ്ചയിച്ചു. അവ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലാവണമെന്നും ആവശ്യമായ കെട്ടിടം വകുപ്പ് കണ്ടെത്തണമെന്നും തീരുമാനിച്ചു. പ്രവര്‍ത്തനത്തിനാവശ്യമായ സ്റ്റാഫിനെ പോലീസ് വകുപ്പ് നിശ്ചയിക്കണമെന്നും തീരുമാനിച്ചു. പോലീസ്-ജയില്‍ വകുപ്പുകള്‍ക്ക് പുറത്താവണം അത്തരം സെന്ററുകള്‍ സ്ഥാപിക്കേണ്ടത് എന്നും യോഗം തീരുമാനിച്ചു.

ഡിറ്റന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനാവശ്യമായ ശുപാര്‍ശ സമര്‍പ്പിക്കാന്‍ 2016 ഫെബ്രുവരി 29ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. തുടര്‍ന്ന് പ്രസ്തുത ആവശ്യത്തിനായി സാമൂഹ്യനീതി ജില്ലാ ഓഫീസറും ജില്ലാ പോലീസ് സൂപ്രണ്ടും ചേര്‍ന്ന മാനേജിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്താമെന്നും നിശ്ചയിച്ചു. ഇത് സംബന്ധിച്ച് എത്രപേരെ പാര്‍പ്പിക്കേണ്ടിവരും എന്നതുള്‍പ്പെടെയുടെ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോട് സെക്രട്ടറിയേറ്റിലെ സാമൂഹ്യനീതി വകുപ്പ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈ വിശദാംശങ്ങള്‍ സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയോടും ചോദിച്ചു. ഇതു സംബന്ധിച്ച ഒരു വിവരവും റെക്കോര്‍ഡ്സ് ബ്യൂറോ ഇതുവരെ നല്‍കിയിട്ടില്ല. നേരത്തെ അയച്ച കത്തുമായി ബന്ധപ്പെട്ട റിമൈന്‍ഡറുകള്‍ തുടര്‍ച്ചയായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് വകുപ്പുകള്‍ക്ക് വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.

ഇതു സംബന്ധിച്ച യാതൊരു ഫയലും ഈ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരാരും കണ്ടിട്ടില്ല. 2012 മുതല്‍ മുന്‍ സര്‍ക്കാര്‍ ആരംഭിച്ച നടപടിക്രമങ്ങള്‍ ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് നിര്‍ത്തിവയ്ക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവു നല്‍കുകയാണ്.