മാവോയിസ്റ്റ് വേട്ട; കൊല്ലപ്പെട്ട മണിവാസകത്തിന്റെ മുഖം വികൃതമായ നിലയില്‍; കാര്‍ത്തിക്കിന്റെ മുഖത്ത് വെടിയേറ്റതിന്റെ അടയാളങ്ങള്‍

അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മണിവാസകത്തെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മണിവാസകത്തിന്‍റെ സഹോദരങ്ങളാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തി തിരിച്ചറിഞ്ഞത്. മുഖം വികൃതമാക്കിയ നിലയിലാണെന്നും മൃതദേഹത്തില്‍ തൊടാന്‍ പോലും പൊലീസ് സമ്മതിച്ചില്ലെന്നും സഹോദരങ്ങള്‍ ആരോപിച്ചു.

അതേസമയം, കാര്‍ത്തിക്കിനെ  തിരിച്ചറിയാന്‍ സഹോദരനായില്ല. മുഖത്ത് നിറയൊഴിച്ചതിന്‍റെ അടയാളങ്ങൾ ഉണ്ട്. ക്രൂരമായി കൊന്നതാണെന്ന് മൃതദേഹം കണ്ടാല്‍ അറിയുമെന്ന് കാര്‍ത്തിക്കിന്‍റെ സഹോദരന്‍ പറഞ്ഞു.

കൊലപ്പെട്ട അരവിന്ദന്റേയും രമയുടേയും മൃതദേഹങ്ങള്‍ കാണാന്‍ അനുമതി തേടി ഇതുവരെയും ബന്ധുക്കള്‍ എത്തിയിട്ടില്ല. മണിവാസകത്തിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കോടതി ഉത്തരവുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. അടുത്ത തിങ്കളാഴ്ച വരെ മൃതദേഹങ്ങള്‍ മറവു ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശമുണ്ട്.