മാധ്യമ വിഭാഗത്തില്‍ മെട്രോ വാര്‍ത്ത, ദൃശ്യ മാധ്യമത്തില്‍ മീഡിയ വണ്‍; നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

2023 നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ സംഘടിപ്പിച്ച കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എല്‍.ഐ.ബി.എഫ്) രണ്ടാം പതിപ്പിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രഖ്യാപിച്ചു. 10,000 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്.

മാധ്യമ വിഭാഗത്തില്‍ മെട്രോ വാര്‍ത്ത (അച്ചടി മാധ്യമം), മീഡിയ വണ്‍ (ദൃശ്യ മാധ്യമം), റെഡ് എഫ്.എം (ശ്രവ്യ മാധ്യമം), ഇടിവി ഭാരത് (ഓണ്‍ലൈന്‍) എന്നിവര്‍ അവാര്‍ഡ് ജോതാക്കളായി. കലാകൗമുദി ദിനപത്രത്തിലെ ബി.വി അരുണ്‍ കുമാര്‍ വ്യക്തിഗത വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടറിനുള്ള അവാര്‍ഡ് നേടി. ഫോട്ടോഗ്രാഫറിനുള്ള അവാര്‍ഡ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിലെ ദീപു ബി.പി കരസ്ഥമാക്കി. മാതൃഭൂമി ന്യൂസിലെ പ്രേം ശശി. എസ് ആണ് മികച്ച ക്യാമറാമാന്‍.

ദൃശ്യ മാധ്യമ വിഭാഗത്തില്‍ കേരള വിഷന്‍ ന്യൂസും മാതൃഭൂമിലെ ന്യൂസിലെ എ.കെ സ്റ്റെഫിനും (മികച്ച റിപ്പോര്‍ട്ടര്‍ വ്യക്തിഗതം) പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹരായി. പുരസ്‌കാരത്തിന് അര്‍ഹരായവര്‍ക്ക് 5,000 രൂപ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും.

ആര്‍.എസ് ബാബു (ചെയര്‍മാന്‍, കേരള മീഡിയ അക്കാദമി) ചെയര്‍മാനും മുന്‍ നിയമസഭാ സെക്രട്ടറി എ.എം ബഷീര്‍ കണ്‍വീനറുമായ ജഡ്ജിംഗ് പാനലാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ആര്‍. കിരണ്‍ ബാബു (ന്യൂസ് 18), സുജിത് നായര്‍ (മലയാള മനോരമ), എസ്.ഷീജ (കൈരളി ടി.വി), നിയമസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് ഷാജി സി. ബേബി, അഡീഷണല്‍ സെക്രട്ടറി എം.എസ് വിജയന്‍, സ്പീക്കറുടെ പ്രസ് സെക്രട്ടറി ഇ.കെ മുഷ്താഖ്, നിയമസഭാ അഡീഷണല്‍ സെക്രട്ടറി റിട്ട. റെജി ബി. തുങ്ങിയവര്‍ ജഡ്ജിംഗ് പാനലില്‍ അംഗങ്ങളായിരുന്നു.