കെ എസ് ഇ ബിക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി; വൈദ്യുതി നിരക്ക് നിർണയത്തിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കായുള്ള തുകകൂടി കണക്കാക്കരുത്

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് നിർണയവുമായി ബന്ധപ്പെട്ട് കെഎസ്ഇബിക്ക് കടിഞ്ഞാണുമായി ഹൈക്കോടതി ഇടപെടൽ. വൈദ്യുത നിരക്ക് നിര്ഡണയം നടത്തുമ്പോൾ അതിൽ ജീവനക്കാരുടെ പെൻഷൻ ഉൾപ്പെടുളള ആനുകൂല്യങ്ങൾ നൽകുന്നതിനായി സമാഹരിക്കുന്ന തുക കൂടി കണക്കാക്കരുടെന്നാണ് ഹൈക്കോടതി നിർദേശം.

ഇതുസംബന്ധിച്ച താരിഫ് റെഗുലേഷനിലെ വ്യവസ്ഥ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കേരള ഹൈ ടെൻഷൻ ആൻഡ് എക്സ്ട്രാ ടെൻഷൻ ഇൻഡസ്ട്രിയിൽ ഇലക്ടിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുളളവർ നൽകിയ ഹർജി തീ‍ർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

2013ൽ കെഎസ്ഇബി കമ്പ നിയായതിനുശേഷം ജോലിയിൽ പ്രവേശിച്ചവർക്ക് നാഷണൽ പെൻഷൻ സ്കീമാണ് ബാധകമാകുന്നത്. അതിന് മുമ്പ് വിരമിച്ചവരുടെയും സർവീസിൽ ഉണ്ടായിരുന്നവരുടെയും പെൻഷൻ ആനുകൂല്യങ്ങൾ കൈകാര്യം ചെയ്യുന്നതിനാണ് മാസ്റ്റർ ട്രസ്റ്റ് രൂപീകരിച്ചത്. ഇതിലേക്കായി അനുവദിക്കുന്ന തുകയുടെ ബാധ്യത താരിഫ് നിർണയത്തിൽ വരരുത് എന്നാണ് നിർദേശം.

മാസ്റ്റർ ട്രസ്റ്റിലേക്ക് അനുവദിക്കുന്ന മുഴുവൻ തുകയും അതിന്‍റെ പലിശയും വൈദ്യുത താരിഫ് നിർണയത്തിന് പരിഗണിക്കാമെന്നായിരുന്നു 2021 ലെ അന്തിമ റെഗുലേഷൻ. ഇത് ചോദ്യം ചെയ്തായിരുന്നു ഹർജിക്കാർ കോടതിയെ സമീപിച്ചത്. ഇത്തരത്തിൽ താരിഫ് നിർണയം നടത്തുന്നത് യുക്തസഹമല്ലെന്ന കണ്ടെത്താലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഭാഗത്തുനിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

അതായത് കെ എസ് ഇ ബി കമ്പനിയാകുന്നതിന് മുൻപുള്ള ജീവനക്കാരുടെ പെൻഷൻ ബാധ്യതകളടക്കം നൽകുന്നതിന് ഉപഭോക്താക്കളെ ബലിയാടക്കി പണം ഈടാക്കേണ്ടതില്ല എന്നാണ് കോടതി ഉത്തരവിൽ പറയുന്നത് .