കെ- റെയില്‍ പദ്ധതി മഞ്ഞക്കുറ്റിയില്‍ എത്തിയപ്പോള്‍ 65.82 കോടി; ശമ്പളം 14.6 കോടി; സില്‍വര്‍ ലൈന്‍ ഖജനാവ് കാര്‍ന്നു തിന്നു

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ലൈന്‍ അതിവേഗ പാതയില്‍ നിന്നും പിന്നോട്ട് പോയപ്പോള്‍ പൊതു ഖജനാവിന് നഷ്ടമായത് ദശകോടികള്‍. കെ-റെയിലിന്റെ നേതൃത്വത്തിലുള്ള അര്‍ദ്ധ അതിവേഗ പാതയ്ക്ക് 27.27 കോടി ചെലവഴിച്ചാണ് ഡി.പി.ആര്‍. സിസ്ട്ര എന്ന ഫ്രഞ്ച് കമ്പനിയെ ഉപയോഗിച്ച് തയാക്കിയത്. 530 കി.മീറ്റര്‍ ദൂരമുള്ള പദ്ധതിക്ക് ആകെ ചെലവ് വെറും 63,940 കോടി മാത്രമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, നിതി ആയോഗ് നടത്തിയ പഠനത്തില്‍ ചെലവ് 1.26 ലക്ഷം കോടിയാകുമെന്ന് കണ്ടെത്തിയിരുന്നു. പദ്ധതിചെലവിലെ അന്തരത്തെപ്പറ്റി റെയില്‍വേ ബോര്‍ഡ് വിശദീകരണം ചോദിച്ചപ്പോള്‍ തൃപ്തികരമായ മറുപടി നല്‍കാതെ റൈറ്റ്സ് എന്ന സ്ഥാപനത്തെകൊണ്ട് എസ്റ്റിമേറ്റ് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനാണ് കെ-റെയില്‍ തയാറായത്. ഈ ഇനത്തില്‍ 56 ലക്ഷം രൂപയാണ് റെറ്റ്സിന് നല്‍കിയത്

സെന്റര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡവലപ്പ്മെന്റ് എന്ന സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയ മൂന്നുമാസത്തെ പരിസ്ഥിതി ആഘാത പഠനത്തിന് 32.50 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. ഔദ്യോഗികമല്ലാത്ത പഠനത്തിനെതിരെ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാന്‍ ചിലര്‍ തയാറെടുത്തതോടെ പരിസ്ഥിതി ആഘാത പഠനത്തിന് മറ്റൊരു ഏജന്‍സിയെ സര്‍ക്കാര്‍ കണ്ടെത്തി. ഇവര്‍ക്ക് ചെലവ് 85 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്.

ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കും കോടികള്‍ ചെലവഴിച്ചു. ഭൂമി ഏറ്റെടുക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ മറികടന്ന് 90 സി.എം. നീളത്തിലും 15 സി.എം. വ്യാസത്തിലും മഞ്ഞ നിറത്തിലുള്ള 20,000 കോണ്‍ക്രീറ്റ് തൂണു സ്ഥാപിക്കാന്‍ സര്‍ക്കാര്‍ കരാര്‍ നല്‍കി. 2.44 കോടി രൂപയാണ് മഞ്ഞക്കുറ്റികള്‍ ഉണ്ടാക്കുന്നതിന് മാത്രം നല്‍കിയത്. കെ-റെയിലിന്റെ 2020-ലെ ബാലന്‍സ് ഷീറ്റിലെ വിവരമനുസരിച്ച് ആ വര്‍ഷം ജീവനക്കാര്‍ക്ക് ശമ്പളം ഇനത്തില്‍ നല്‍കിയത് 2.6 കോടി രൂപാ. 2016 മുതല്‍ ഇതുവരെയുള്ള കണക്ക് പരിശോധിച്ചാല്‍ ശമ്പളം ഇനത്തില്‍ മാത്രം കൊടുത്തു തീര്‍ത്തത് 12 കോടിയില്‍ അധികം രൂപായാണ്. ഫിനാന്‍ഷ്യല്‍ എക്സ്പെന്‍സ് അടക്കം 2019-ല്‍ 4.14 കോടിയും 2020-ല്‍ 4.6 കോടിയും ചെലവായതായി ബാലന്‍സ് ഷീറ്റില്‍ പറയുന്നു. ഈ ഇനത്തില്‍ മാത്രം 2016 മുതല്‍ ഇതുവരെ 20 കോടിയില്‍ അധികം രൂപാ ചെലവായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഖജനാവില്‍ നിന്നു കെ-റെയില്‍ പദ്ധതിക്കായി 65.82 കോടി രൂപ ചെലവഴിച്ച കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കേന്ദ്രാനുമതി സാദ്ധ്യത മങ്ങിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കെ റെയില്‍ പദ്ധതിയില്‍ നിന്നും പിറകിലേക്ക് പോകുന്നത്. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച റവന്യു ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ തിരിച്ചു വിളിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് കണക്കുകളും പുറത്തു വരുന്നത്.

പതിനൊന്ന് ജില്ലകളിലെ ഭൂമി ഏറ്റെടുക്കല്‍ സെല്ലില്‍ ഒന്നര വര്‍ഷമായുള്ള 205 ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാനാണ് 27ലെ ഉത്തരവിലൂടെ അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് സാമൂഹികാഘാത പഠനം നിറുത്തി വച്ചതോടെ കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ ഉദ്യോഗസ്ഥര്‍ക്ക് കാര്യമായ ജോലികളുണ്ടായിരുന്നില്ല. കേന്ദ്രാനുമതി കിട്ടാതെയാണ് സര്‍ക്കാര്‍ പദ്ധതിക്കായി ഇറങ്ങിത്തിരിച്ചത്. അനുമതി ലഭിക്കുന്നതിനു മുമ്പ് ഭൂമി ഏറ്റെടുക്കല്‍ പാടില്ലെന്നിരിക്കെയാണ് സര്‍ക്കാര്‍ ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിക്കുകയായിരുന്നു. ഒരുവര്‍ഷ നിയമന കാലാവധി ആഗസ്റ്റ് 17 ന് അവസാനിച്ചിരുന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ ശമ്പളം ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാന്‍ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി നല്‍കിയിരുന്നു.