സ്ത്രീധനം കൊടുക്കുന്നത് കുറ്റമല്ലാതാക്കും, നിർണായക നിയമ ഭേദഗതിക്കൊരുങ്ങി കേരളം സർക്കാർ; വാങ്ങുന്നത് മാത്രം കുറ്റം

1961ലെ സ്ത്രീധനനിരോധന നിയമത്തിൽ സുപ്രധാന ഭേദഗതിവരുന്നു. സ്ത്രീധനം കൊടുക്കുന്നത് കുറ്റകരമാണെന്ന വ്യവസ്ഥ ഒഴിവാക്കിയാണ് ഭേദഗതി. വരനോ, വരൻ്റെ ബന്ധുക്കളോ സ്ത്രീധനം വാങ്ങുന്നതുമാത്രം കുറ്റകരമാക്കും. നിലവിൽ സ്ത്രീധനം നൽകുന്നതും കുറ്റമായതിനാൽ നിയമനടപടി ഭയന്ന് വധുവിൻ്റെ ഭാഗത്തുനിന്ന് പരാതി നൽകാൻ മടിക്കും. ഇത് ഒഴിവാക്കാനാണ് നിയമഭേദഗതി.

ഇതിനുള്ള കരട് (ദ ഡൗറി പ്രൊഹിബിഷൻ -കേരള അമൻമെൻഡ്-ബിൽ 2025) നിയമപരിഷ്‌കരണ കമ്മിഷൻ സർക്കാരിന് കൈമാറി. ഇത് പരിശോധിച്ച് ചട്ടഭേദഗതിയിലേക്ക് കടക്കാനാണ് ആലോചന. നിലവിലെ നിയമത്തിൽ സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും അഞ്ചുവർഷത്തിൽ കുറയാത്ത തടവും 15,000 രൂപയോ സ്ത്രീധനത്തിൻ്റെ മൂല്യമോ ഏതാണോ വലുത് അത്രയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

ഭേദഗതിയിൽ സ്ത്രീധനം വാങ്ങുന്നത് മൂന്നുവർഷത്തിൽ കുറയാത്തതും ഏഴുവർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. പിഴത്തുക അൻപതിനായിരം മുതൽ ഒരുലക്ഷം രൂപ വരെയോ സ്ത്രീധനത്തിന്റെ മൂല്യമോ ഏതാണോ കൂടുതൽ അത്രയും അയി ഉയർത്തുകയും ചെയ്യും.

വിവാഹത്തിനുശേഷം സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾക്കുനേരേയുണ്ടാകുന്ന ഗാർഹികപീഡനവും സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് നേരിട്ടോ അല്ലാതെയോ ഭാര്യയെ മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചാൽ രണ്ടുവർഷം വരെ തടവും 25,000 രൂപ പിഴയുമാണ് നിർദേശിച്ചിരിക്കുന്നത്.

Read more

കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്ത് 99 സ്ത്രീകൾ സ്ത്രീധനത്തിൻ്റെ പേരിൽ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.