'മുഖ്യമന്ത്രിക്ക് മോദിയെ ഭയം കാണുമായിരിക്കാം, എനിക്കില്ല; ഇരുന്ന കസേരയുടെ മഹത്വം കൊണ്ടാണ് എല്ലാം തുറന്നു പറയാത്തത്' : ജ. കെമാല്‍ പാഷ

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ജസ്റ്റിസ് കെമാല്‍ പാഷ. ഒരു മുസ്ലീം സംഘടനകളുമായും തനിക്ക് ബന്ധമില്ലെന്ന് കെമാല്‍ പാഷ പറഞ്ഞു. ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നത് കൊണ്ടാണ് എല്ലാം തുറന്ന് പറയാത്തതെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിക്ക് ചിലപ്പോള്‍ നരേന്ദ്രമോദിയുടെയും ഭരണകൂടത്തെയും ഭയം കാണുമെന്നും തനിക്ക് അത്തരം ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. വാളയാര്‍ മാവോയിസ്റ്റ് കൊലപാതകം, യു.എ.പി.എ കേസ് എന്നീ വിഷയങ്ങളില്‍ നിലപാട് സ്വീകരിച്ചതു കൊണ്ടാവും പിണറായി വിജയന്‍ വിമര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ ന്യായാധിപന്‍ ജമാ അത്തെ ഇസ്ലാമിയുടെ നാവായി മാറുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെയാണ് ജസ്റ്റിസ് കെമാല്‍ പാഷയുടെ മറുപടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ഒപ്പമാണെന്ന് പറയുകയും നിയമത്തെ അനുകൂലിക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ആഭ്യന്തര വകുപ്പിനെ വിമര്‍ശിക്കുന്നതാകാം മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് കാരണം എന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

പേരെടുത്ത് പറയാതെ ആയിരുന്നു മുഖമന്ത്രിയുടെ വിമര്‍ശനം. ജമാ അത്തെ ഇസ്ലാമിയുടെ നാവായി ഒരു ന്യായാധിപന്‍ മാറിയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോള്‍ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇരുന്ന സ്ഥാനത്തിന്റെ വലിപ്പം അറിയാതെയാണ് ന്യായാധിപന്റെ പെരുമാറ്റം. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയത്തെകുറിച്ചു തെറ്റിധാരണ പരത്തി. താന്‍ പറയാത്ത വാക്കുകള്‍ തന്റെ നാവില്‍ വയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.