കട്ടപ്പന ഇരട്ടക്കൊല; നവജാത ശിശുവിന്റെ മൃതദേഹം തേടി പൊലീസ്, തിരച്ചിൽ ഇന്നും തുടരും

ഇടുക്കി കട്ടപ്പനയിലെ ഇരട്ട കൊലപതകത്തിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും തുടരും. 2016 ജൂലൈയിലാണ് കുഞ്ഞിന്‍റെ അച്ഛൻ നിതീഷ് ഭാര്യാ പിതാവിന്റെയും സഹോദരന്‍റെയും സഹായത്തോടെ അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ മൃതദേഹത്തിനായി ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു.

മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന് സമീപമുള്ള തൊഴുത്തിൽ മറവ് ചെയ്‌തെന്നായിരുന്നു നിതീഷ് ആദ്യം നൽകിയ മൊഴി. എന്നാൽ തെളിവെടുപ്പിനിടെ നിതീഷ് മൊഴി മാറ്റി പറയുന്നുണ്ട്. ഇത് പൊലീസിന് വെല്ലുവിളിയാകുന്നുണ്ട്. തൊഴുത്തിൽ പരിശോധന നടത്തി ഒന്നും കണ്ടെത്താതെ വന്നതോടെ മൃതദേഹം ഇവിടെ നിന്ന് മാറ്റിയെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്. എന്നാൽ കൂട്ട് പ്രതി വിഷ്ണു ഈ കാര്യം നിഷേധിച്ചു. അതിനാൽ വിഷ്ണുവിനെ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് 2016ല്‍ നിതീഷും വിജയനും അടക്കം ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടിയ നവജാത ശിശുവിന്റെ മൃതദേഹത്തിനായി കട്ടപ്പന സാഗര ജംഗ്ഷനിലെ വീടിനു സമീപമുള്ള തൊഴുത്തിന്റെ തറകുഴിച്ചുള്ള പരിശോധന ആരംഭിച്ചത്. രണ്ടരമണിക്കൂറോളം പരിശോധന നടത്തിയെങ്കിലും മൃതദേഹത്തിന്റേതായ അവശിഷ്ടങ്ങള്‍ ഒന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.

കക്കാട്ടുകടയിലെ വീട്ടില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡിഎന്‍എ പരിശോധനാ ഫലം വന്നതിന് ശേഷമേ മൃതദേഹം വിജയന്റേതു തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാകൂ.

ഇന്ന് വീണ്ടും തിരച്ചില്‍ തുടരുമെന്നും മറ്റു പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും ഇടുക്കി എസ്പി വിഷ്ണു പ്രദീപ് പറഞ്ഞു. കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമ, മകന്‍ വിഷ്ണു എന്നിവരെ പൊലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്യും ഇതിനുശേഷമാകും അറസ്റ്റ് ഉണ്ടാവുക.