കാസർകോഡ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ 14 പേർ പീഡിപ്പിച്ചു. പ്രതികളിൽ രാഷ്ട്രീയ നേതാവും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ആർപിഎഫ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. സംഭവത്തിൽ ഇതുവരെയും 10 പേർ അറസ്റ്റിലായി. പോക്സോ വകുപ്പ് പ്രകാരമാണ് 14 പേർക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
പതിനാല് പേരിൽ അഞ്ചുപേർ ജില്ലയ്ക്ക് പുറത്തായതിനാൽ കേസ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് കൈമാറി. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ് പ്രതികൾ. കുട്ടിയുമായി ഡേറ്റിംഗ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച ശേഷം ജില്ലയ്ക്ക് അകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ എത്തിച്ചാണ് പ്രതികൾ പീഡനം നടത്തിയത്.
16കാരന്റെ വീട്ടിലെത്തിയ ഒരാളെ മാതാവ് കണ്ടതാണ് വിവരം പുറത്തറിയാൻ കാരണം. മാതാവിനെ കണ്ടയുടനെ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നാലെ മാതാവ് ചന്തേര പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കുട്ടിയെ ചൈൽഡ് ലൈനിൽ ഹാജരാക്കി ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. രണ്ടു വർഷമായി കുട്ടി പീഡനത്തിന് ഇരയായി എന്നാണ് വിവരം.
നിലവിൽ 14 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ കാസർകോട് ജില്ലയിൽ മാത്രം എട്ടു കേസുകളാണുള്ളത്. പീഡനത്തിന് ശേഷം കുട്ടിക്ക് പ്രതികൾ പണം നൽകിയിരുന്നതായും വിവരമുണ്ട്. കേസിൽ നാല് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.







