കരിപ്പൂരിലെ സ്വര്‍ണ കവര്‍ച്ചാ കേസ്: അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

കരിപ്പൂരിലെ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. പയ്യന്നൂരില്‍ നിന്ന് പിടികൂടിയ അര്‍ജുനെ കൊണ്ടോട്ടി സ്റ്റേഷനിലെത്തിച്ചു. കാരിയറുടെ ഒത്താശയോടെ കടത്തുകാരെ വെട്ടിച്ച് സ്വര്‍ണം തട്ടിയെടുത്തെന്നാണ് കേസ്.

പാര്‍ട്ടിഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പോലീസ് അര്‍ജുന്‍ ആയങ്കിയെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാംപ്രതിയാണ് ഇയാള്‍.

ഒട്ടേറെ സ്വര്‍ണക്കവര്‍ച്ചാ കേസുകളിലെ പ്രതിയാണ് അര്‍ജുന്‍ ആയങ്കി. 2021ലെ രാമനാട്ടുകാര സ്വര്‍ണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കിയുടെ പേര് ആദ്യം ഉയര്‍ന്നുവന്നത്. കേസില്‍ അറസ്റ്റിലായിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍ ആയങ്കി പാര്‍ട്ടിയുടെ മറ പിടിച്ച് സ്വര്‍ണക്കടത്തും ഗുണ്ടാപ്രവര്‍ത്തനവും നടത്തുകയായിരുന്നു. പിന്നീട് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ അര്‍ജുന്‍ ആയങ്കിക്ക് വലിയ പിന്തുണയുണ്ട്.