'എനിക്കൊഴികെ എല്ലാവര്‍ക്കും അറിയാം'; വട്ടിയൂര്‍ക്കാവില്‍ സി.പി.എം സ്ഥാനാര്‍ത്ഥി ആകുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് കണ്ണന്‍ ഗോപിനാഥന്‍

വട്ടിയൂര്‍ക്കാവില്‍ സി.പി.എം.സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുവെന്ന വാര്‍ത്തക്ക് പിന്നാലെ പ്രതികരണവുമായി ഐ എ എസ് പദവി രാജിവെച്ച കണ്ണന്‍ ഗോപിനാഥന്‍. വട്ടിയൂര്‍ക്കാവ് നിയമസഭാ തിരഞ്ഞെടുപ്പ് കാര്യം തനിക്ക് മാത്രം അറിയില്ലെന്നും ബാക്കിയെല്ലാവര്‍ക്കും അറിയാമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു എന്ന് സ്‌കൂളിലെ എല്ലാവര്‍ക്കും അറിയാമായിരുന്നു. ആ കുട്ടിക്കൊഴികെ. അതുപോലെയാണ് ഈ വട്ടിയൂര്‍ക്കാവ് നിയമസഭാ തിരഞ്ഞെടുപ്പ് കാര്യം. എനിക്കൊഴികെ എല്ലാവര്‍ക്കും അറിയാം- അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സി പി എം വട്ടിയൂര്‍ക്കാവ് തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ്. സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നതില്‍ കണ്ണന്‍ ഗോപിനാഥന്റെ പേരും സി പി എം പരിഗണനയിലുണ്ടായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടാണ് കണ്ണന്‍ ഗോപിനാഥന്‍ കേരളത്തില്‍ സുപരിചിതനായത്. പിന്നാലെ ജമ്മുകശ്മീരിന് പ്രത്യേക പദവി അനുവദിച്ചു കൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 ലെ ഭേദഗതിയില്‍ പ്രതിഷേധിച്ചു കൊണ്ട് അദ്ദേഹം ഐ എ എസ് പദവി രാജിവെയ്ക്കുകയായിരുന്നു.