കാഞ്ഞങ്ങാട് ഷിഗെല്ല സ്ഥിരീകരിച്ചു; നാല് കുട്ടികളില്‍ രോഗ ബാധ

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ഷിഗെല്ല (Shigella) വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള നാല് കുട്ടികള്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഷവര്‍മ കേസില്‍ ചികിത്സയിലുള്ളവരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നില ഗുരുതരമല്ല.

2020 ഡിസംബറില്‍ കോഴിക്കോട് കോട്ടാംപറമ്പില്‍ 11 വയസുകാരന്‍ ഷിഗെല്ല രോഗം ബാധിച്ച് മരിച്ചിരുന്നു. മരണാനന്തരം രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആറ് പേര്‍ക്ക് കൂടി പിന്നീട് രോഗം സ്ഥിരീകരിച്ചു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നാരങ്ങാ വെള്ളം വിതരണം ചെയ്തിരുന്നു. ഇതിലൂടെയാണ് രോഗ വ്യാപനമുണ്ടായത് എന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്.

മലിന ജലത്തിലൂടെ ബാക്ടാരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗെല്ലയ്ക്ക് കാരണം. കഠിനമായ പനി കൂടി വരുന്നത്‌കൊണ്ട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറുവേദനയും ചര്‍ദിയുമുണ്ടാവുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക എന്നതാണ് രോഗത്തെ തടയാനുള്ള പ്രധാന മുന്‍കരുതല്‍. വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക. കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.