കളമശേരി സർക്കാർ പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ മുഖ്യ പ്രതി പിടിയിൽ. ഒഡീഷ സ്വദേശി അജയ് പ്രദാനെയാണ് കളമശ്ശേരി പൊലീസ് പിടികൂടിയത്. ഒഡീഷയിലെ ദരിങ്ക്ബാദിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഹോസ്റ്റലിലേക്ക് എത്തിക്കാൻ ഇതര സംസ്ഥാനക്കാരുടെ സംഘത്തിന് കഞ്ചാവ് കൈമാറിയത് ഇയാളാണ്.
മാര്‍ച്ച് 14 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കളമശ്ശേരി പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ നടത്തിയ പരിശോധനയില്‍ രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച പരിശോധന വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നീളുകയായിരുന്നു. സംഭവത്തില്‍ കെഎസ്‌യു പ്രവര്‍ത്തകരായ ആദിത്യൻ ആകാശ് എന്നിവരെയും എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിരാജിനെയും പൊലീസ് പിടികൂടിയിരുന്നു.
ഇതില്‍ ആകാശിന്റെ മുറിയില്‍ നിന്ന് 1.9 കിലോ കഞ്ചാവാണ് പിടികൂടിയത്. ആകാശ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയിരുന്നതായി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പിന്നാലെ ഇവര്‍ക്ക് കഞ്ചാവ് നല്‍കിയ ആഷിക്ക്, ഷാലിക്ക് എന്നീ പൂര്‍വ്വവിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ നാല് വിദ്യാര്‍ഥികളെ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു.
        







