ഭക്ഷ്യകിറ്റുകള്‍ ഒരു ഭക്തന്‍ ക്ഷേത്രത്തിന് നല്‍കിയ വഴിപാട്; വയനാട്ടിലെ ആദിവാസി സമൂഹത്തോട് എല്‍ഡിഎഫും യുഡിഎഫും മാപ്പു പറയണമെന്ന് കെ സുരേന്ദ്രന്‍

വയനാട്ടിലെ ആദിവാസി ഗോത്ര സമൂഹത്തോട് എല്‍ഡിഎഫും യുഡിഎഫും മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഒരു ഭക്തന്‍ ക്ഷേത്രത്തിന് നല്‍കിയ വഴിപാടാണ് ഇത്തരത്തില്‍ ആദിവാസികള്‍ക്ക് കിറ്റ് നല്‍കാനാണെന്ന് പ്രചരിപ്പിച്ചത്.

ബിജെപിയെ അപമാനിച്ചോളൂ പക്ഷെ ആദിവാസികളെ അപമാനിക്കുന്നത് ശരിയല്ലെന്നും കല്‍പ്പറ്റയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കിറ്റിലുള്ള സാധനങ്ങള്‍ ആദിവാസികള്‍ക്കുള്ളതാണെന്ന് കോണ്‍ഗ്രസിനും സിപിഎമ്മിനും എങ്ങനെ മനസിലായി? അരിയും പയറും പപ്പടവുമൊന്നും മറ്റുള്ളവര്‍ ഭക്ഷിക്കില്ലെന്നാണോ ഇവര്‍ പറയുന്നത്? പൊലീസ് എഫ്‌ഐആര്‍ എന്താണ്? ബിജെപിക്ക് പങ്കുണ്ടെന്ന് പറയാന്‍ എന്ത് തെളിവാണുള്ളത്? ടി.സിദ്ധിഖാണ് നീചമായ ആരോപണം ഉന്നയിച്ചത്.

രാഹുല്‍ ഗാന്ധിക്കും സിദ്ധിഖിനും ആദിവാസികളോട് എന്നും പുച്ഛമാണ്. ഈ നാട്ടിലെ വോട്ടര്‍മാര്‍ അതിന് മറുപടി പറയും. പരാജയഭീതിയാണ് കോണ്‍ഗ്രസിന്റെ അസ്വസ്ഥതയ്ക്ക് പിന്നില്‍. രാഹുല്‍ ഗാന്ധി 5 വര്‍ഷം കൊണ്ട് ആദിവാസികള്‍ക്ക് എന്തു കൊടുത്തു എന്നതാണ് ചോദ്യം. അതാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ക്വിറ്റ് രാഹുല്‍ എന്നാണ് വയനാട്ടുകാര്‍ പറയുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.