'രാഹുലും ആനി രാജയും ടൂറിസ്റ്റ് വിസക്കാർ, എന്റേത് പെര്‍മെനന്റ് വിസ'; വയനാട്ടിൽ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്ന് കെ സുരേന്ദ്രൻ

രാഹുല്‍ ഗാന്ധിക്കെതിരേ ശക്തമായ പോരാട്ടം വേണം എന്ന പാര്‍ട്ടിയുടെ നിര്‍ദേശം പാലിച്ചാണ് സ്ഥാനാര്‍ഥിത്വം ഏറ്റെടുത്തതെന്ന് വയനാട്ടിലെ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധിയും ആനിരാജയും വയനാട്ടിലെ വിസിറ്റിങ് വിസക്കാരാണെന്നും താന്‍ അവിടത്തെ സ്ഥിരം വിസക്കാരനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

വയനാട് വ്യക്തിപരമായി വളരെ ബന്ധമുള്ള മണ്ഡലമാണ്. വയനാട് ജില്ലയില്‍ യുവമോര്‍ച്ച പ്രസിഡന്റായാണ് പൊതുജീവിതം ആംരംഭിച്ചത്. മറ്റു രണ്ട് സ്ഥാനാര്‍ഥികളും ടൂറിസ്റ്റ് വിസയില്‍ വന്നവരാണ്. എനിക്ക് ഇവിടെ പെര്‍മെനന്റ് വിസയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം രാഹുല്‍ ഗാന്ധി ഒരു വിസിറ്റിങ് എംപിയായാണ് വയനാട്ടില്‍ പ്രവര്‍ത്തിച്ചത്. രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഒന്നും ചെയ്തിട്ടില്ല. മോദി വയനാട്ടിലെ വികസനത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്‌തെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരേ ശക്തമായ പോരാട്ടം കാഴ്ചവെക്കും. ഇത്തവണ വയനാട്ടില്‍ കനത്ത പോരാട്ടമായിരിക്കും നടക്കുകയെന്നും സുരേന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു താനെന്നും എന്നാല്‍, കഴിഞ്ഞദിവസം കേന്ദ്രനേതൃത്വം തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധിക്കെതിരേ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വളരെ ഭാരിച്ച ഒരു ഉത്തരവാദിത്വമാണ് പാര്‍ട്ടി ഏല്‍പിച്ചിരിക്കുന്നത്. ഞാന്‍ പൂര്‍ണ സന്തോഷത്തോടെ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ വികസന വിരുദ്ധ രാഷ്ട്രീയത്തിനെതിരായ ഉജ്ജ്വലമായ ഒരു പോരാട്ടം കാഴ്ചവെക്കാന്‍ അവസരം തന്ന പ്രധാനമന്ത്രി മോദി അടക്കമുള്ളവരോട് നന്ദി അറിയിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.