കേന്ദ്രത്തിന്റെ 'ഭാരത് അരി'യെ വെല്ലുവിളിച്ച് കേരളത്തിന്റെ 'കെ റൈസ്'; സപ്ലൈകോ വില്‍പനശാലകളില്‍ തയ്യാര്‍; ഇന്നു മുതല്‍ വിതരണം

കേന്ദ്ര സര്‍ക്കാരിന്റെ ‘ഭാരത് അരി’യുടെ വെല്ലുവിളി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന ‘കെ റൈസ്’ ഇന്നു മുതല്‍ വിപണിയില്‍. ശബരി കെ റൈസ് ബ്രാന്‍ഡില്‍ സപ്ലൈകോ വിതരണം ചെയ്യുന്ന അരിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഇന്ന് ഉച്ചയ്ക്ക് 12ന് നിര്‍വഹിക്കും.

ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി ആര്‍ അനില്‍ അദ്ധ്യക്ഷനായിരിക്കും. ശബരി കെ ബ്രാന്‍ഡില്‍ ജയ അരി 29 രൂപ നിരക്കിലും കുറുവ, മട്ട അരി 30 രൂപ നിരക്കിലും ആണ് വിതരണം ചെയ്യുക. ഒരു റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് 5 കിലോഗ്രാം അരിയാണ് ലഭിക്കുക.

തിരുവനന്തപുരം മേഖലയില്‍ ജയ അരിയും, കോട്ടയം – എറണാകുളം മേഖലകളില്‍ മട്ട അരിയും, കോഴിക്കോട് മേഖലയില്‍ കുറുവ അരിയും ആണ് വിതരണം ചെയ്യുക.

Read more

‘കെ റൈസ്’ സപ്ലൈകോയിലെ മിക്ക വില്‍പനശാലകളിലും കുറഞ്ഞ അളവില്‍ എത്തിയിട്ടുണ്ട്. സപ്ലൈകോയുടെ 56 ഡിപ്പോകളിലും 5 കിലോ വീതമുള്ള ശബരി കെ റൈസ് എത്തിയെങ്കിലും ഏതാനും ദിവസത്തെ വിതരണത്തിനു മാത്രമേ തികയൂ.