തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: കെ ബാബുവിന്റെ ഹര്‍ജിയില്‍ എം സ്വരാജിന് സുപ്രീം കോടതിയുടെ നോട്ടീസ്

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ എംഎല്‍എ കെ ബാബു നല്‍കിയ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു. മതചിഹ്നം ഉപയോഗിച്ച് വോട്ട് അഭ്യര്‍ഥിച്ചെന്ന് ആരോപിച്ച് കെ ബാബുവിനെതിരേ എം സ്വരാജ് ഫയല്‍ചെയ്ത തെരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയില്‍ കെ ബാബു സമര്‍പ്പിച്ച ഹര്‍ജിയിലാണ് എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസയച്ചത്.

ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് നോട്ടീസയച്ചത്. ഹര്‍ജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ പേരില്‍ കെ ബാബു വോട്ടു പിടിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് തെളിവടക്കം എം സ്വരാജ് കേസ് ഫയല്‍ ചെയ്തത്. ഈ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കെ ബാബു നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍നിന്നു കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിച്ചു. ഇതിനെതിരെയാണ് കെ ബാബുവിന്റെ അപ്പീല്‍.

സ്വരാജിന്റെ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച കെ ബാബുവിന് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായിരുന്നു.

തെരഞ്ഞെടുപ്പ് ഹര്‍ജികള്‍ ഫയല്‍ ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ എതിര്‍കക്ഷിയായ എം സ്വരാജ് ഹൈക്കോടതിയില്‍ പാലിച്ചില്ലെന്ന് കെ ബാബു സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. കെ ബാബുവിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സി യു സിങ്ങും അഭിഭാഷകന്‍ റോമി ചാക്കോയും സുപ്രീം കോടതിയില്‍ ഈ വാദം ഉയര്‍ത്തിയതോടെ കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചു.

എം സ്വരാജിനുവേണ്ടി അഭിഭാഷകന്‍ പി.വി. ദിനേശ് നോട്ടീസ് സ്വീകരിച്ചു. 2021-ലെ തെരഞ്ഞെടുപ്പ് കേസാണെന്നും അതിനാല്‍ എത്രയുംവേഗം ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുശേഷം ഹര്‍ജി പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.