തലയ്ക്ക് ഓളമുള്ളവരുടെ നിയമോപദേശം; ബി.രാമന്‍പിള്ളയെ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചത് വിവരക്കേട്: ജസ്റ്റിസ് കെമാല്‍ പാഷ

ദിലീപിനെതിരായ കേസില്‍ സാക്ഷിയെ സ്വാധീനിച്ചെന്ന പരാതിയില്‍ ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ളയെ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചത് വിവരക്കേടെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. ഒരു കേസില്‍ അഭിഭാഷകനെ വിളിച്ച് മൊഴിയെടുക്കുന്നതു തെറ്റാണെന്നും നിയമത്തില്‍ ഇത് കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്നും കെമാല്‍ പാഷ പറഞ്ഞു.

അഭിഭാഷകന്‍ കക്ഷിയുമായി നടത്തുന്ന സംഭാഷണം സവിശേഷ അധികാരമുള്ളതാണ്. അത് ഒരിക്കലും പുറത്തു പറയാന്‍ പാടില്ലെന്നു മാത്രമല്ല, എവിടെയും പറയേണ്ടതുമില്ല. അഭിഭാഷകന്റെ മൊഴിയെടുക്കാനാണെങ്കില്‍ കൊലക്കേസുകളിലൊക്കെ അഭിഭാഷകരെ വിളിച്ചു സാക്ഷിയാക്കിയാല്‍ മതിയാവും. അതു ചെയ്യാന്‍ പാടില്ലാത്തതാണ്.

ഇവിടെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചെയ്തത് ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റുന്നതല്ല. തെറ്റായ നടപടിക്രമമാണത്. വിവരമുള്ള ആരും ഇങ്ങനെ ചെയ്യാന്‍ ഉപദേശം നല്‍കില്ല. തലയ്ക്ക് ഓളമുള്ളവരുടെ നിയമോപദേശമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബി. രാമന്‍പിള്ളയെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചതില്‍ അഭിഭാഷകര്‍ക്കിടയില്‍നിന്നു കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പൊലീസ് നടപടി അഭിഭാഷകരുടെ തൊഴില്‍പരമായ സ്വാതന്ത്ര്യത്തിലുള്ള ഇടപെടലാണെന്നു വ്യാഖ്യാനിക്കാന്‍ ഇടയുണ്ടെന്ന് അഖിലേന്ത്യാ അഭിഭാഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് സി.പി. പ്രമോദ് പറഞ്ഞു.