ജനങ്ങളുടെ വസ്തു കൈയേറാനും നോട്ടിഫൈ ചെയ്യാത്ത ഭൂമിയില്‍ കല്ലിടാനും സര്‍ക്കാരിന് അവകാശമില്ല: റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ

കെ റെയിലിന്റെ പേര് പറഞ്ഞ് ജനങ്ങളുടെ വസ്തു കൈയേറാനും നോട്ടിഫൈ ചെയ്യാത്ത ഭൂമിയില്‍ കല്ലിടാനും സര്‍ക്കാറിന് അവകാശമില്ലെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. കെ റെയില്‍ പഠനം എന്ന പേരില്‍ നാട്ടുകാരുടെ നട്ടെല്ല് തല്ലിയൊടിക്കുകയാണെന്നും ഭരണകൂടത്തിന്റെ കൈയേറ്റം തടയാന്‍ കഴിയാത്തത് പ്രതിപക്ഷത്തിന്റ കഴിവ്കേടാണെന്നും ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ കെമാല്‍ പാഷ വിമര്‍ശിച്ചു.

ഭൂമി കൈയേറാന്‍ അനുമതി നല്‍കിയ ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി ചോദ്യം ചെയ്യേണ്ടതാണെന്നും സുപ്രിംകോടതിയില്‍ ഇത് ചോദ്യ ചെയ്യാന്‍ സാധാരണക്കാരന് സാമ്പത്തികമായി കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വന്‍ പൊലീസ് സന്നാഹത്തോടെ കോഴിക്കോട് കല്ലായിയില്‍ ഇന്ന് സ്ഥാപിച്ച കെ റെയില്‍ സര്‍വേ കല്ല് നാട്ടുകാര്‍ പിഴുതുമാറ്റി. കെ റെയില്‍ സര്‍വേകല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ പ്രതിഷേധമായിരുന്നു നാട്ടുകാര്‍ നടത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പുരുഷ പൊലീസുകാര്‍ ലാത്തികൊണ്ട് കുത്തിയെന്ന് സ്ത്രീകള്‍ ആരോപിച്ചു.

വന്‍ പൊലീസ് സന്നാഹമാണ് പ്രദേശത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മീഞ്ചന്തയിലും പയ്യാനക്കലിലും കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചിരുന്നു.