പാലത്തായി കേസ്; ഐ.ജി ശ്രീജിത്തിന്റെ നടപടി പൊറുക്കാവുന്ന ഒന്നല്ലെന്ന് ജസ്റ്റിസ് കമാൽ പാഷ

പാലത്തായി പീഡനക്കേസിൽ ബി.ജെ.പി നേതാവും അധ്യാപകനുമായ പ്രതി പത്മരാജന് ജാമ്യം ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി ജസ്റ്റിസ് കമാൽ പാഷ. പോക്സോ കേസിൽ കുറ്റപത്രത്തിൽ പോക്സോ ചുമത്താൻ സിആർപിസി 164 പ്രകാരം കുട്ടി മജിസ്ട്രേറ്റിനു നൽകിയ മൊഴിയും പീഡനം നടന്നിട്ടുണ്ടെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റും മാത്രം മതിയെന്ന് ജസ്റ്റിസ് കമാൽ പാഷ പറഞ്ഞതായി ന്യൂസ്ടാ​ഗ് ലൈവ് റിപ്പോർട്ട് ചെയ്തു.

പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴിയിൽ വലിയ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി ശ്രീജിത് പറയുന്നതായി കരുതപ്പെടുന്ന ശബ്ദ രേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കേസിലെ പ്രതി പദ്മരാജനെതിരെ പോക്സോ ചുമത്താനാവശ്യമായ തെളിവുകൾ പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ശബ്ദരേഖയിൽ പറയുന്നത്.

എന്നാൽ ഐ.ജി ശ്രീജിത്തിന്റെ ഈ നടപടി ഒരു കാരണവശാലും പൊറുക്കാവുന്ന ഒന്നല്ലെന്ന് ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു. അന്വേഷണ ഉദ്യോ​ഗസ്ഥൻ ഒരിക്കലും ജനങ്ങളുമായി ഇത്തരം കാര്യങ്ങൾ പറയാൻ പാടില്ല. ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നത് അവരുടെ മേലധികാരികൾക്കും കോടതികൾക്കും മാത്രമാണ്. അല്ലാതെ പൊതുജനങ്ങളോട്, അവരെത്ര ഉന്നതരാണെങ്കിലും അറിയിക്കാൻ പാടില്ല. അങ്ങനെ ചെയ്യുന്നത് അക്ഷന്തവ്യമായ തെറ്റാണെന്നും ജസ്റ്റിസ് കമാൽ പാഷ ചൂണ്ടിക്കാട്ടിയാതായാണ് റിപ്പോർട്ട്.

പോക്സോ വകുപ്പ് ചുമത്താതെ കുറ്റപത്രം സമർപ്പിച്ചത് വളരെ വലിയ വിവരക്കേടാണ്. അങ്ങനെ ചെയ്യാൻ പാടില്ല. ഭാ​ഗികമെന്നോ അന്തിമെന്നോ ഒക്കെയുള്ള കുറ്റപത്രമൊന്നുമില്ല. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ കോടതി നിർബന്ധമായും ജാമ്യം നൽകും. അപ്പോൾ തട്ടിക്കൂട്ടി ഭാ​ഗിക കുറ്റപത്രം സമർപ്പിച്ചതും പോക്സോ ഒഴിവാക്കിയതും പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള ക്രൈംബ്രാഞ്ചിന്റെ മനഃപൂർവമായ കളിയായിരുന്നു.

കുറ്റപത്രത്തിൽ പോക്സോ ചുമത്താൻ സിആർപിസി 164 പ്രകാരം മജിസ്ട്രേറ്റിനു നൽകിയ മൊഴി മാത്രം മതി. ഒപ്പം കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റും മതി. മറ്റൊന്നും വേണ്ട. അപ്പോൾ കേസിൽ ക്രൈംബ്രാഞ്ച് ഇതുവരെ ചെയ്തത് വലിയ വഷളത്തരമാണെന്നും ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു.

കണ്ണൂർ പാലത്തായിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവും കുട്ടിയുടെ അധ്യാപകനുമായ പത്മരാജന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. കേസില്‍ പോക്‌സോ വകുപ്പ് ഉൾപ്പെടുത്താതെ ദുർബലമായ വകുപ്പുകൾ ചേർത്ത് കുറ്റപത്രം സമര്‍പ്പിച്ചത് വിവാദമായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.