ജനിച്ച് മണിക്കൂറുകള്‍ മാത്രം; കൊച്ചി ഫോറം മാളിന് സമീപത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊച്ചിയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കുണ്ടന്നൂരിലെ ഫോറം മാളിനോട് ചേര്‍ന്നുള്ള ഇടറോഡിലെ തട്ടുകടയുടെ പരിസരത്തുനിന്നാണ് പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് കൈമാറി. ഒരു ദിവസമോ പ്രസവിച്ചു മണിക്കൂറുകൾ മാത്രമോ പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മരട് പോലീസ് പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം കടന്നത് ആരെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ കാര്‍ ഷോറൂമില്‍ മാത്രമാണ് ഈ പ്രദേശത്ത് ആകെ സിസിടിവിയുള്ളത്. ഇതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ച് വരികയാണ്.