ജോജു ഒത്തുതീര്‍പ്പിന് നില്‍ക്കില്ല; കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങിയേക്കും

കോണ്‍ഗ്രസിന്റെ റോഡ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെ ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്‌തെന്ന കേസില്‍ ഒത്തുതീര്‍പ്പ് സാദ്ധ്യത മങ്ങുന്നു. കേസില്‍ അറസ്റ്റിലായ ജോസഫിന്റെ ജാമ്യഹര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു ജോര്‍ജ് തീരുമാനിച്ചു. ഇതിനുള്ള അപേക്ഷ ജോജു കോടതയില്‍ സമര്‍പ്പിച്ചു. ജോസഫിന്റെ ജാമ്യഹര്‍ജി എറണാകുളം സിജെഎം കോടതി ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിഗണിക്കും.

ഇന്ധന വിലവര്‍ദ്ധനയ്‌ക്കെതിരെ വൈറ്റിലയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഉപരോധ സമരത്തിനിടെയാണ് ജോജുവും പ്രവര്‍ത്തകരും സംഘര്‍ഷത്തിലേര്‍പ്പെട്ടത്. സംഭവത്തില്‍ രണ്ട് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വാഹനം തല്ലിതകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയില്‍ എട്ട് പേര്‍ക്കും വഴി തടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കും എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ജോസഫിനെ അറസ്റ്റ് ചെയ്തിരുന്നു.

കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി അടക്കമുള്ളവര്‍ പ്രതിയായ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന് സ്ഥിതി സംജാതമായതോടെയാണ് കോണ്‍ഗ്രസ് സമവായത്തിന് ശ്രമമാരംഭിച്ചത്. ഇരു വിഭാഗവും തെറ്റ് സമ്മതിച്ചെന്നും കേസ് തീര്‍ക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞിയിരുന്നു.