ജോയിൻ്റ് രജിസ്ട്രാർ പി ഹരികുമാറിനെ ചുമതലകളിൽ നിന്നും നീക്കി; കേരളയിൽ കസേരകളി തുടരുന്നു

കേരള സർവകലാശാല ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിനെ ചുമതലകളിൽ നിന്നും നീക്കി. വൈസ് ചാൻസലറുടെ താൽക്കാലിക ചുമതലയുള്ള സിസ തോമസിന്റേതാണ് നടപടി. അഡ്മിനിസ്ട്രേഷൻ ജോയിന്റ് രജിസ്ട്രാർ സ്ഥാനത്തുനിന്ന് അക്കാദമിക് വിഭാഗത്തിലേക്കാണ് മാറ്റിയത്. കഴിഞ്ഞ ദിവസം വിസി പിരിച്ചുവിട്ടതിന് ശേഷവും തുടർന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഹരികുമാർ പങ്കെടുത്തിരുന്നു. ഇതിൽ വിശദീകരണം തേടിയെങ്കിലും പി ഹരികുമാർ നൽകിയിരുന്നില്ല. പിന്നാലെയാണ് ഹരികുമാറിനെ ചുമതലകളിൽ നിന്നും വിസി നീക്കിയത്.

നിലവിൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ് പി ഹരികുമാർ. അനിൽ കുമാറിന്റെ സസ്‌പെൻഷന് ശേഷം രജിസ്ട്രാർ ചുമതല ഹരികുമാറിനായിരുന്നു. ഡോ. മിനി കാപ്പനെ രജിസ്ട്രാറായും ഹേമാനന്ദിനെ ജോയിൻ്റ് രജിസ്ട്രാറായും നിയമിച്ചു. കഴിഞ്ഞ ദിവസം കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് യോഗത്തിന് ശേഷം നടന്ന നാടകീയ രംഗങ്ങൾക്കൊടുവിലാണ് നടപടി. രജിസ്ട്രാർ കെഎസ് അനിൽകുമാറിന്റെ സസ്പെൻഷൻ നടപടി റദ്ദാക്കുന്നത് സംബന്ധിച്ച് നടന്ന ചർച്ചയിൽ നിന്ന് താത്കാലിക വിസി സിസ തോമസ് ഇറങ്ങിപ്പോകുകയായിരുന്നു.

Read more

തുടർന്ന് മറ്റൊരു മുതിർന്ന സിൻഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തിൽ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ കെഎസ് അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചതായി അറിയിക്കുകയായിരുന്നു. എന്നാൽ സസ്‌പെൻഷൻ റദ്ദാക്കിയിട്ടില്ലെന്നും പിൻവലിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കോടതിയുടേതാണെന്നുമായിരുന്നു ഡോ. സിസ തോമസിന്റെ നിലപാട്. ശേഷം വൈകുന്നേരം നാലരയോടെ സർവകലാശാലയിലെത്തി കെഎസ് അനിൽകുമാർ ചുമതല ഏറ്റെടുത്തിരുന്നു. ഇത് അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു സിസ തോമസ്.