ദേശീയ നേതൃത്വത്തെ തള്ളി ജെഡിഎസ് കേരള ഘടകം, ഇടതുമുന്നണിയില്‍ തുടരാൻ തീരുമാനം ; സിപിഎമ്മിന്‍റെ അംഗീകാരം തേടേണ്ടതില്ലെന്ന് മാത്യു ടി തോമസ്

എന്‍ ഡി എയിൽ ലയിച്ച ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം തള്ളി കേരള ഘടകം. കേരളത്തിൽ ജനതാദള്‍ എസ് ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ്. സംസ്ഥാനത്ത് ഇടതുമുന്നണിയില്‍ തന്നെ ജെഡിഎസ് തുടരും.

ഇതിന് സിപിഎമ്മിന്‍റെ അംഗീകാരത്തിനായി അപേക്ഷ നല്‍കിയിട്ടില്ല. അതിന്‍റെ ആവശ്യവുമില്ല. ബിജെപിയുമായി സഹകരിച്ച് പോകാനാകില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പുതിയ പാര്‍ട്ടി രൂപീകരിക്കണമോ അതോ മറ്റു ഏതെങ്കിലും പാര്‍ട്ടിയുമായി ലയിക്കണോ എന്ന കാര്യത്തിലും തീരുമാനമെടുക്കുമെന്ന് മാത്യു ടി തോമസ് പറഞ്ഞു.

ജനതാദള്‍ എസിന്‍റെ ദേശീയ നേതൃത്വം എൻ.ഡി.എ സഖ്യത്തിന്‍റെ ഭാഗമായതോടെയുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് കൊച്ചിയില്‍ ചേര്‍ന്ന അടിയന്തിര നേതൃ യോഗത്തിലാണ് തീരുമാനം. ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര നിലപാടില്‍ ഉറച്ചുനില്‍ക്കുകയെന്ന നയത്തിലാണ് പാര്‍ട്ടി കര്‍ണാടകയിലും പ്രവര്‍ത്തിച്ചത്. ബിജെപിയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കുകയെന്നതാണ് പാര്‍ട്ടിയുടെ നയം. എന്നാല്‍, ഇതിനുവിരുദ്ധമായി ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചു.

ജെഡിഎസ് ദേശീയ നേതൃത്വം ഒരു ചര്‍ച്ചയും ഇല്ലാതെയാണ് ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. ദേശീയ അധ്യക്ഷന്‍റെ ഈ നിലപാട് സംസ്ഥാന നേതൃത്വം പാടെ തള്ളുകയാണ്. 2006ല്‍ സമാനമായ സാഹചര്യം ഉണ്ടായിരുന്നപ്പോള്‍ അന്ന് സ്വതന്ത്ര നിലപാടാണ് കേരള ഘടകം സ്വീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളുമായി സംസാരിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും മാത്യു ടി തോമസ് പറഞ്ഞു.