സിപിഐഎം നേതാക്കൾക്കതിരായ ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖയിൽ പരിഹാസവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ‘കപ്പലണ്ടി വിറ്റ് നടന്നാ മതിയായിരുന്നു’ എന്ന് ഫിറോസ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചു. ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ വി.പി ശരത് പ്രസാദ് ആണ് ശബ്ദ സന്ദേശം പുറത്ത് വിട്ടത്.
ഒരു ഘട്ടം കഴിഞ്ഞാൽ സിപിഎം നേതാക്കളുടെ സാമ്പത്തിക ലെവൽ മാറുമെന്നും ജില്ലാ നേതൃത്വത്തിൽ സാമ്പത്തികമായി ആർക്കും പ്രശ്നമില്ലെന്നും സന്ദേശത്തിലുണ്ട്. സുഹൃത്തും സിപിഎം നേതാവുമായ നിബിൻ ശ്രീനിവാസനോട് ശരത്പ്രസാദ് നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. എ സി മൊയ്തീൻ, എം കെ കണ്ണൻ എന്നിവർക്കെതിരെയാണ് സ്വകാര്യ സംഭാഷണത്തിലെ പരാമർശങ്ങൾ. സിപിഐഎം നേതൃത്വത്തിലുള്ള സഹകരണ സംഘത്തിൽ അഴിമതി എന്നും സംഭാഷണത്തിലുണ്ട്.
അഞ്ചുവർഷം മുൻപ് നടത്തിയ ഫോൺ സംഭാഷണമാണിതെന്നാണ് ശരത്പ്രസാദ് പറയുന്നത്. എംകെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടത് കണ്ണന്റെ കപ്പലണ്ടി കച്ചവടം ആയിരുന്നു. എസി മൊയ്തീന്റെ ഇടപാടുകൾ അപ്പർക്ലാസിലെ ആളുകളുമായിട്ടാണെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. ജില്ലയിലെ മുതിർന്ന നേതാക്കൾക്ക് വൻകിട ആളുകളുമായാണ് സാമ്പത്തിക ഇടപാടുകൾ. കമ്മിറ്റിയിലെ ആർക്കും സാമ്പത്തികമായി പ്രശ്നങ്ങളില്ല. അതിനു പിന്നിൽ വലിയതോതിലുള്ള പിരിവുകളാണ്. ഡിവൈഎഫ്ഐ നേതാവ് പിരിക്കുമ്പോൾ കിട്ടുന്ന പണമല്ല, സിപിഎം നേതൃത്വം പിരിക്കുമ്പോൾ കിട്ടുന്നത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഓഡിയോ സന്ദേശത്തിലുണ്ട്.







