'ഉയരം കുറഞ്ഞവരോട് മുഖ്യമന്ത്രിക്ക് പുച്ഛമാണോ? പൊളിറ്റിക്കലി ഇൻകറക്ടാണ്, ബോഡി ഷെയ്മിങാണ്'; പരാമർശം പിൻവലിച്ച് പിണറായി വിജയൻ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രതിപക്ഷ അംഗത്തിനെതിരെ നടത്തിയത് ബോഡി ഷെയ്മിങാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊളിറ്റിക്കലി ഇൻകറക്ട് ആയ വാചകമാണ് മുഖ്യമന്ത്രി പറഞ്ഞത്. മോശം പരാമർശം പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും സഭാ രേഖകളിൽ നിന്ന് ആ പരാമർശം നീക്കണമെന്നും സതീശൻ പറഞ്ഞു.

ഉയരം കുറഞ്ഞവരോട് മുഖ്യമന്ത്രിക്ക് പുച്ഛമാണോ? ഇവരാണോ പുരോഗമനം പറയുന്നത്? സുപ്രീംകോടതി വിധി വരെ ഇതിനെതിരായി ഉണ്ട്. 19 ആം നൂറ്റാണ്ടിലാണ് ഇവരൊക്കെ ജീവിക്കുന്നത്. എത്ര പൊക്കം വേണം ഒരാൾക്ക് എന്നുള്ള അളവുകോൽ ആരാണ് മുഖ്യമന്ത്രിക്ക് കൊടുത്തിട്ടുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ടാണ് പൊളിറ്റിക്കലി ഇൻകറക്ട് ആയ സ്റ്റെമെന്റ്റ് നടത്തിയതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.

‘എന്റെ നാട്ടിലൊരു വർത്തമാനമുണ്ട്. എട്ടുമുക്കാൽ അട്ടിവെച്ചപോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ഇവിടെ വലിയതോതിൽ ആക്രമിക്കാൻ പുറപ്പെടുന്നത്. സ്വന്തം ശരീരശേഷി കൊണ്ടല്ല അത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലെന്ന് കാണുമ്പോൾ എല്ലാവർക്കും അറിയാം. പക്ഷേ, നിയമസഭയുടെ പരിരക്ഷവെച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ പോവുകയാണ്. അതും വനിതാ വാച്ച് ആൻഡ് വാർഡിനെ അടക്കം’- എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിയമസഭയിൽ മറുപടിപ്രസംഗം നടത്തുന്നതിനിടെയാണ് പ്രതിപക്ഷ എംഎൽഎയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത്. മുഖ്യമന്ത്രിയുടെ അധിക്ഷേപത്തിനെതിരെ സോഷ്യൽ മീഡിയയിലും വിമർശനങ്ങൾ ഉയരുന്നുണ്ട്. ‘ പൊക്കമില്ലായ്മയാണെന്റെ പൊക്കം’ എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളും കാരിക്കേച്ചറും പങ്കുവെച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവ് വിടി ബൽറാം വിഷയത്തിൽ പ്രതികരിച്ചത്.

Read more