കര്‍ഷക സമരത്തിന് നേരെ ഇസ്രയേല്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നു; നെതന്യാഹുവിന്റെ ഇന്ത്യന്‍ പ്രതിരൂപമായി മോദി മാറിയെന്ന് എളമരം കരീം

ഇസ്രയേലില്‍ നിന്ന് ഇറക്കുമതി ചെയ്ത ഒക്ടോകോപറ്ററുകളും സെഫ്‌ലോഡിങ് റൈഫിളുകളും ശബ്ദപീരങ്കികളും ഉപയോഗിച്ച് കര്‍ഷകസമരം അടിച്ചമര്‍ത്തുന്ന മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭീകരതക്കെതിരെ ജനകീയ പ്രതിഷേധം ഉയരണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി.

നാടിന് അന്നം നല്‍കുന്ന കര്‍ഷകര്‍ക്കുനേരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നരഹത്യ നീക്കത്തിനെതിരെ രാജ്യസ്നേഹികള്‍ രംഗത്തുവരണം. ഖനൗരി, ശംഭു തുടങ്ങിയ ഡല്‍ഹി അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ഷകര്‍ക്കുനേരെ വെടിയുതിര്‍ത്ത് പ്രക്ഷോഭകരെ കൂട്ടക്കൊലക്കുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഖനൗരി അതിര്‍ത്തിയില്‍ ശുഭ്കിരണ്‍സിങ് എന്ന യുവ കര്‍ഷകന്‍ വെടിയേറ്റ് മരിച്ചതും നിരവധി കര്‍ഷകര്‍ക്ക് വെടിവെപ്പില്‍ ഗുരുതരമായ പരിക്കേറ്റതുമായ സംഭവങ്ങള്‍ ഇതിന്റെ സൂചനയാണ്.

ഖനൗരിയില്‍ ബ്രിട്ടീഷ് ഭരണ കാലത്തെ ജാലിയന്‍വാലാബാഗിനെ അനുസ്മരിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സൈനിക അക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധം കത്തിപ്പടരുകയാണ്. ഹരിയാന, പഞ്ചാബ്, ഡല്‍ഹി അതിര്‍ത്തികളില്‍ കണ്ണീര്‍വാതക ഷെല്ലിങ്ങിന് ഉപയോഗിക്കുന്ന ഡ്രോണുകള്‍ ഇസ്രയേലില്‍ നിന്ന് ഇറക്കുമതി ചെയ്ത ഒക്ടോകോപ്റ്ററുകളാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. ഇസ്രയേല്‍ സേന ഗസയിലെ ആശുപത്രികളില്‍ സ്‌നൈപ്പര്‍ കൊലപാതകങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന അതേ ഒക്ടോകോപ്റ്ററുകളാണ് ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്കുനേരെ ടിയര്‍ഗ്യാസ് ഷെല്ലിങ്ങിനായി ഉപയോഗിക്കുന്നത്.

പലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്ന നെതന്യാഹുവിന്റെ ഇന്ത്യന്‍ പ്രതിരൂപമായി മാറിയ മോദി, ഇസ്രയേന്ല്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍ കര്‍ഷകരെ കൊന്നുകൂട്ടാനാണ് ഒരുമ്പെടുന്നതെന്നും അദേഹം പറഞ്ഞു.