കാനത്തിന് എതിരെ ഇസ്മയില്‍; ദേശീയ സെക്രട്ടറിക്ക് എതിരായ പരാമര്‍ശം സി.പി.ഐയില്‍ പോര് മുറുകുന്നു

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയില്‍ സംസ്ഥാന സിപിഐയില്‍ പോര് ആരംഭിച്ചു. ദേശീയ സെക്രട്ടറി ഡി രാജയ്‌ക്കെതിരായ കാനം രാജേന്ദ്രന്റെ പ്രസ്താവനയില്‍ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയില്‍ കത്തു നല്‍കി. ദേശീയ ജനറല്‍ സെക്രട്ടറിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് കാനത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം.

കാനത്തിന്റെ പ്രസ്താവനയിലെ അതൃപ്തി ചില സംസ്ഥാന നേതാക്കള്‍ നേരിട്ട് കേന്ദ്ര നേതാക്കളെ അറിയിച്ചു കഴിഞ്ഞു. കാനത്തിന്റെ പ്രസ്താവന ദേശീയ നേതൃത്വം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. സംസ്ഥാന പൊലീസിലെ ആര്‍എസ്എസ് ബന്ധം, സ്ത്രീ സുരക്ഷാ എന്നീ വിഷയങ്ങളില്‍ ദേശീയ മഹിളാ ഫെഡറേഷന്‍ നേതാവും, ദേശീയ സമിതി അംഗവുമായ ആനി രാജ നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെയാണ് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ആനി രാജയുടെ പ്രസ്താവന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രടക്കം തള്ളിയപ്പോള്‍ ദേശീയ സെക്രട്ടറി ഡി രാജ ആനി രാജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

ആനി രാജയെ ദേശീയ ജനറല്‍ സെക്രട്ടറി ന്യായീകരിച്ചതില്‍ സംസ്ഥാന എക്‌സിക്യുട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഡാങ്കെയെ പോലും വിമര്‍ശിച്ച പാര്‍ട്ടിയാണ് സിപിഐ എന്നും, ദേശീയ സെക്രട്ടറിയായാലും വിമര്‍ശനം നേരിടേണ്ടി വരുമെന്നും കാനം രാജേന്ദ്രന്‍ പരസ്യ നിലപാട് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രകടിപ്പിച്ചത്. നേരത്തെ യുപിയിലായാലും കേരളത്തിലായാലും പൊലീസിന്റെ വീഴ്ചകള്‍ വിമര്‍ശിക്കപ്പെടുമെന്നും ഡി രാജ പറഞ്ഞിരുന്നു.

എന്നാല്‍ ദേശീയ സമിതിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തിയാണ് ദേശീയ സെക്രട്ടറിയില്‍ നിന്നുണ്ടായതെന്നും, ഇത് ചോദ്യം ചെയ്താണ് താന്‍ കത്തു നല്‍കിയതെന്നും കാനം പറഞ്ഞിരുന്നു. കേരളത്തിലെ പൊലീസ് യുപിയിലെ പൊലീസിനെ പോലെയല്ലയെന്നും, ഒറ്റപ്പെട്ട സംഭവങ്ങളില്‍ തക്കതായ നടപടി എടുത്തിട്ടുണ്ടെന്നും കാനം പറഞ്ഞിരുന്നു.

Read more

ഇതോടെ പാര്‍ട്ടിയിലെ ഒരു വിഭാഗം കാനത്തിനെതിരെ രംഗത്തെത്തി. മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയിലടക്കമുള്ളവര്‍ അക്കാര്യത്തില്‍ കാനത്തിനെതിരെ പരസ്യ നിലപാട് എടുക്കുകയും ചെയ്തു. ദേശീയ നേതൃത്വത്തിലിരിക്കുന്ന നേതാവിന്റെ പ്രസ്താവനയില്‍ അന്വേഷണം പോലും നടത്താതെ സംസ്ഥാന സെക്രട്ടറി നിഷേധിക്കുന്ന സമീപനമാണ് കാണിക്കുന്നതെന്നും വിമര്‍ശനമുണ്ട്.