ആദായ നികുതി പരിശോധനയുടെ പേരില്‍ വ്യാജപ്രചാരണവും നിക്ഷേപകരെ ഭയപ്പെടുത്താനും ശ്രമം; കര്‍ശന നിയമ നടപടിയെന്ന് ഇന്ത്യന്‍ കോ -ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി

ഇന്ത്യന്‍ കോ -ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിനെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. ലിമിറ്റഡിലെ ചില ബ്രാഞ്ചുകളിലും റീജിയണല്‍ ഓഫീസിലുമായി ആദായ നികുതി വകുപ്പിന്റെ ഒരു പരിശോധന നടന്നതിന്റെ പേരില്‍ തെറ്റായ പ്രചരണമാണ് നടക്കുന്നത്.

ചിലര്‍ നടത്തുന്ന ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇന്ത്യന്‍ കോ – ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് ചെയര്‍മാന്‍ സോജന്‍ വ്യക്തമാക്കി.

സൊസൈറ്റിയുടെ പേരിന് കളങ്കം വരുത്തുവാനാം നിക്ഷേപകരെ ഭയപ്പെടുത്താനും ചില സ്ഥാപിത താല്പര്യക്കാരായ ആളുകള്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റു മാധ്യമങ്ങള്‍ വഴിയും ഇപ്പോള്‍ നടക്കുന്ന ഈ പരിശോധനയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് ആയാണ് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചിരിക്കുന്നത്.

ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ ഒരു ഗൂഢാലോചനയും സംശയിക്കുന്നതിനാല്‍, അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ സിവിലായും ക്രിമിനലായും നടപടികളുമായി മുന്നോട്ട് പോകുമെന്നും സൊസൈറ്റി ചെയര്‍മാന്‍ വ്യക്തമാക്കി.

ആദായനികുതി വകുപ്പിന്റെ പരിശോധനയുടെ മുഴുവന്‍ വിവരങ്ങളും ഏതാനും ദിവസങ്ങള്‍ക്കകം സൊസൈറ്റി മാനേജ്‌മെന്റ തന്നെ, പത്രസമ്മേളനത്തിലൂടെ പൊതുജനങ്ങളെ അറിയിക്കും.

ആദായ നികുതി വകുപ്പ് പരിശോധന നിരവധി സ്ഥാപനങ്ങളില്‍ നടക്കാറുണ്ട്. അതൊരു സ്വാഭാവികമായ നടപടിക്രമം മാത്രമാണ്. അങ്ങനെ വിലയിരുത്തിയാണ് സൊസൈറ്റി മാനേജ്‌മെന്റ് ഈ പരിശോധനയുമായി എല്ലാ രീതിയിലും സഹകരിക്കുന്നത്. തുടര്‍ന്നും സഹകരിക്കുമെന്നും സൊസൈറ്റി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താ കുറുപ്പില്‍ വ്യക്തമാക്കി.

സൊസൈറ്റിക്ക് എതിരായ നടക്കുന്ന വ്യാജപ്രചരണങ്ങളില്‍ അംഗങ്ങളും ഓഹരി ഉടമകളും വഞ്ചിതരാകരുതെന്നും മാനേജ്‌മെന്റിന് എതിരെ നടക്കുന്ന കുപ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് ചെയര്‍മാന്‍ സോജന്‍ അഭ്യര്‍ത്ഥിച്ചു.