നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം വന്നാൽ സംരക്ഷണം നൽകേണ്ടത് സ്പീക്കറെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രാഹുൽ നിയമസഭയിൽ വരുന്നത് അദ്ദേഹത്തിന്റെ അവകാശമാണെന്ന് പറഞ്ഞ അടൂർ പ്രകാശ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അന്തിമ തീരുമാനം പാർട്ടി എടുക്കുമെന്നും പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് രാഹുലെന്നും അടൂർ പ്രകാശ് പറഞ്ഞു. നേരത്തെ പാർട്ടി തീരുമാനമെടുത്തതാണ്. അങ്ങിനെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. അതേസമയം വോട്ടർ പട്ടികയിലെ അപാകതയിൽ ചീഫ് ഇലക്ഷൻ കമ്മിഷന് പരാതി നൽകിയെന്നും അടൂർ പ്രകാശ് പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ കാണാൻ ശ്രമിച്ചു. എന്നാൽ കാണാൻ അനുമതി നിഷേധിച്ചുവെന്നും അടൂർ പ്രകാശ് പറഞ്ഞു.
താൻ വിജയിച്ച ആറ്റിങ്ങിൽ മണ്ഡലത്തിൽ സിപിഐഎം കള്ളവോട്ടിലൂടെയാണ് നേരത്തെ വിജയിച്ചു വന്നിരുന്നത്.വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുണ്ട്.ബീഹാറിൽ ബിജെപിയെങ്കിൽ കേരളത്തിൽ കള്ളവോട്ടിന് പിന്നിൽ സിപിഐഎമ്മെന്നും അടൂർ പ്രകാശ് ആരോപിച്ചു. സിപിഐഎമും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും അടൂർ പ്രകാശ് ആരോപിച്ചു.







