വെള്ളം അടച്ചുവച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴുന്ന സ്ഥിതി; ക്ലിഫ്ഹൗസിന്റെ ദയനീയ അവസ്ഥ വിവരിച്ച് മുഖ്യമന്ത്രി

ക്ലിഫ്ഹൗസിന്റെ ദയനീയ അവസ്ഥ വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ലിഫ്ഹൗസില്‍ ഒരു ഗ്ലാസ് വെള്ളം അടച്ചുവച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴുന്ന അവസ്ഥയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഓഫീസേഴ്‌സ് എന്‍ക്ലേവിന്റെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മന്ത്രിമാര്‍ വലിയ സൗകര്യങ്ങളോടെയാണ് താമസിക്കുന്നതെന്നാണല്ലോ ജനങ്ങളുടെ ചിന്ത. മന്ത്രിമാര്‍ താമസിക്കുന്ന വീടുകളുടെ അവസ്ഥ എന്താണെന്ന് ചോദിച്ച മുഖ്യമന്ത്രി രാവിലെ ഇടേണ്ട ഷര്‍ട്ടൊക്കെ ഇസ്തിരിയിട്ട് വച്ചാല്‍ അതിന് മുകളില്‍ വെള്ളം വീഴുമെന്ന് പറഞ്ഞു. വീഴുന്നത് മരപ്പട്ടിയുടെ മൂത്രമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

മരപ്പട്ടിയുടെ മൂത്രം വീഴുന്നതിനാല്‍ വെള്ളം മുഴുവന്‍ സമയവും അടച്ചുവച്ചിരിക്കുകയാണ്. പ്രശസ്തമായ ഗസ്റ്റ് ഹൗസുകളുടെ അവസ്ഥ എന്താണ്. കെട്ടിടങ്ങള്‍ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സബ് കളക്ടറായി ജോലിയില്‍ പ്രവേശിച്ച കാലത്തെ താമസ സൗകര്യത്തിന്റെ പേരില്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ചീഫ് സെക്രട്ടറി വി വേണുവും വ്യക്തമാക്കി.