നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ പരിഹാസവുമായി മന്ത്രി വി ശിവൻകുട്ടി. എങ്ങനെയാണ് സമരം ചെയ്യേണ്ടതെന്ന് പറഞ്ഞുതരാമെന്ന് പ്രതിപക്ഷത്തോട് മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന് ഒരു മര്യാദയും ഇല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം.
സീക്കറുടെ മുഖംമറച്ചുകൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ മന്ത്രി അസ്വസ്ഥത പ്രകടിപ്പിച്ചു. ‘അങ്ങയെ കണ്ടൂകൂട, അങ്ങ് ഒന്ന് എണീറ്റ് നിൽക്ക്. അങ്ങയുടെ മുഖം ഒന്ന് കാണട്ടെ’ എന്ന് വി.ശിവൻകുട്ടി പറയുന്നുണ്ടായിരുന്നു. പ്രതിപക്ഷത്തിന് ഒരു മര്യാദയും ഇല്ലെന്ന് പറഞ്ഞ മന്ത്രി എങ്ങനെയാണ് സമരം ചെയ്യേണ്ടതെന്ന് പറഞ്ഞ് തരാമെന്നും പറയുകയുണ്ടായി.
ശബരിമല സ്വർണപ്പാളി വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭാ നടപടികൾ നിർത്തിവെക്കേണ്ടി വന്നിരുന്നു. സഭചേർന്നയുടൻ മുദ്രാവാക്യം വിളികളും ബാനറുകളുമായി പ്രതിപക്ഷം നടപടികൾ തടസ്സപ്പെടുത്തി. ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിലെ ചോദ്യോത്തരവേളയിൽ തന്നെ പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. അംഗങ്ങളെ ചോദ്യം ചോദിക്കാൻ വേണ്ടി സ്പീക്കർ ക്ഷണിച്ചതിനു പിന്നാലെ സ്‌പീക്കറെ മറച്ച് പ്രതിപക്ഷം ബാനറുകൾ ഉയർത്തി.







