മാധ്യമപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകയ്ക്കും നേരെയുണ്ടായ പൊലീസിന്റെ സദാചാര ഗുണ്ടായിസം ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

മാധ്യമ പ്രവര്‍ത്തകന്‍ പ്രതീഷ് രമയ്ക്കും സാമൂഹ്യ പ്രവര്‍ത്തക ബര്‍സയ്ക്കുമെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് സദാചാര ഗുണ്ടായിസം നടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. തങ്ങള്‍ക്കെതിരെ നടന്നത് കടുത്ത മനുഷ്യവകാശ ലംഘനമാണെന്നും പൗരന് ലഭിക്കേണ്ട അടിസ്ഥാന നീതി പോലും തങ്ങള്‍ക്കു പൊലീസില്‍ നിന്നും ലഭിച്ചിരുന്നില്ലെന്നും ചൂണ്ടികാട്ടി ബര്‍സയും പ്രതീഷും മനുഷ്യവകാശ കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഡിസംബര്‍ ഒന്നിനാണ് പ്രതീഷിനും ബര്‍സയ്ക്കുമെതിരെ “സദാചാരക്കുറ്റം” ആരോപിച്ച് പൊലീസ് അതിക്രമം കാണിച്ചത്. സുഹൃത്തായ പ്രതീഷിന്റെ വീട്ടില്‍ നിന്ന് അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പുലര്‍ച്ചെ രണ്ടര മണിക്കുള്ള ട്രെയിനില്‍ വീട്ടിലേയ്ക്ക് പോകാന്‍ വേണ്ടി നടന്നു പോകുകയായിരുന്ന അമൃത എന്ന ബര്‍സയെയും പിന്നീട് വിളിച്ചു വരുത്തിയ പ്രതീഷിനെയും പൊലീസ് സ്റ്റേഷനിലാക്കുകയും മാനസികമായും ശാരീരികമായും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

തലയ്ക്കും നെഞ്ചിനും സാരമായി പരിക്കുപറ്റിയ പ്രതീഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  മഫ്തി വേഷത്തില്‍ വന്ന പുരുഷപൊലീസ് അമൃതയ്ക്കു നേരെ ജാതി അധിക്ഷേപവും നടത്തി. സംഭവത്തിനെതിരെ മാധ്യമപ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു.