മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

കോഴിക്കോട് ജില്ലയിലെ മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. മഞ്ഞപ്പിത്ത വ്യാപനത്തില്‍ കര്‍ശനമായ നടപടി വേണമെന്ന് കമ്മീഷന്‍ അറിയിച്ചു. ജനങ്ങള്‍ക്ക് സുരക്ഷിതമായ ഭക്ഷണവും വെള്ളവും ലഭിക്കുമെന്ന് ഉറപ്പാക്കണം. കോഴിക്കോട് ഈ മാസം 15 വരെ 102 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.

മുന്‍സിപ്പല്‍ സെക്രട്ടറിയും ഭക്ഷ്യ സുരക്ഷാ കമ്മീഷണറും ഗുണ നിലവാരം ഉറപ്പാക്കി നടപടികള്‍ സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ പ്രതിദിന രോഗബാധിതരും വര്‍ദ്ധിക്കുകയാണ്. രോഗ ലക്ഷണങ്ങള്‍ കൂടുതലും യുവാക്കളിലാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Read more

ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ശീതള പാനീയങ്ങള്‍ കുടിക്കുന്നതില്‍ ഉള്‍പ്പെടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെയും മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കിയിരുന്നു.