കോഴിക്കോട് കോർപറേഷൻ കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി ബൈജു കാളക്കണ്ടി മത്സരിക്കും. വിഎം വിനുവിന് പകരക്കാരനായാണ് ബൈജു കാളക്കണ്ടി എത്തുന്നത്. വോട്ടർപട്ടികയിൽ പേര് ഇല്ലാത്തതിനെ തുടർന്ന് വിഎം വിനുവിന് മത്സരിക്കാൻ സാധിക്കാത്തതിനാലാണ് ആ സ്ഥാനത്തേക്ക് ബൈജു കാളക്കണ്ടി സ്ഥാനാർത്ഥിയാകുന്നത്.
ചലച്ചിത്ര സംവിധായകൻ വി എം വിനുവിന് പകരം കല്ലായി വാർഡിൽ നിന്നും കാളക്കണ്ടി ബൈജു, സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് പരിഗണനയിലുണ്ടായിരുന്നത്. തുടര്‍ന്നാണ് കോണ്‍ഗ്രസിന്‍റെ മണ്ഡലം പ്രസിഡന്‍റ് കൂടിയായ ബൈജുവിലേക്ക് ഡിസിസി നേതൃത്വം എത്തിയത്. ഇന്ന് ബൈജു പ്രചരണം തുടങ്ങും. വിനു മത്സരിക്കാത്തതിൽ വലിയ വിഷമമുണ്ടെന്നും കോണ്‍ഗ്രസിന്‍റെ പ്രചാരണ പരിപാടികളിൽ അദ്ദേഹം തുടര്‍ച്ചയായി പങ്കെടുക്കുമെന്നും നേതൃത്വം അറിയിച്ചു.
വി എം വിനുവിന് മത്സരിക്കാനാകില്ല
തദ്ദേശ തിരഞ്ഞെടുപ്പിൽ സംവിധായകൻ വി എം വിനുവിന് മത്സരിക്കാനാകില്ല. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ട് വിനു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് വിഎം വിനു ഹൈക്കോടതിയിൽ ഹർജി നൽകിയത്. മനപൂർവ്വമാണ് തന്റെ പേര് വെട്ടിയതെന്ന് വിനു കോടതിയെ അറിയിച്ചു. ഭരിക്കുന്ന പാർട്ടിയാണ് പിന്നിലെന്നും വിനു പറഞ്ഞു. അതേസമയം വിനുവിനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണന ഇല്ലെന്നും വോട്ടർ പട്ടിക നോക്കിയില്ലേ എന്നും കോടതി ചോദിച്ചു. സെലിബ്രറ്റി ആയത്കൊണ്ട് പ്രത്യേകത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാഷ്ട്രീയക്കാരും സാധാരണക്കാരും ഒന്നുപോലെയെന്നും വ്യക്തമാക്കി.







