ലോറി തട്ടി പൊട്ടിവീണ കേബിൾ സ്‌കൂട്ടറിൽ കുരുങ്ങി, വീട്ടമ്മക്ക് ഗുരുതര പരിക്ക്

കൊല്ലം കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്ത് കേബിൾ കുരുങ്ങി അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മക്ക് ​ഗുരുതരമായി പരിക്കേറ്റു. തടി കയറ്റിവന്ന ലോറി തട്ടി കേബിൾ പൊട്ടി താഴെ വീഴുകയായിരുന്നു. ഭർത്താവിൻ്റെ വർക് ഷോപ്പിന് മുന്നിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന വളാലിൽ മുക്കിൽ താമസിക്കുന്ന സന്ധ്യ (43)യ്ക്കാണ് പരിക്കേറ്റത്. സന്ധ്യ കേബിളിൽ കുരുങ്ങി, 20 മീറ്ററോളം ദൂരം തെറിച്ചു വീണു.

ഉയർന്നു പൊങ്ങിയ സ്കൂട്ടർ സന്ധ്യയുടെ ദേഹത്തേക്ക് വീണ് പരിക്കേൽക്കുകയായിരുന്നു. സന്ധ്യയുടെ തോളെല്ലിന് പൊട്ടലുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുകയാണ് സന്ധ്യ. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നിർത്താതെ പോയ ലോറി നാട്ടുകാർ തടഞ്ഞു നിർത്തി.