ഗുലാബ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് പരക്കെ മഴ; ഏഴ് സ്ഥലങ്ങളിൽ യെല്ലൊ അലർട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തില്‍ പരക്കെ മഴ.  കണ്ണൂര്‍, വയനാട്, കോഴിക്കോട് , മലപ്പുറം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. കേരള തീരത്ത് മണിക്കൂറിൽ പരമാവധി 50 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.കേരള ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യ ബന്ധനത്തിന്
ഏർപ്പെടുത്തിയ വിലക്ക് ഇന്നും തുടരും.

അതേസമയം, ഗുലാബ് ചുഴലിക്കാറ്റ് വടക്ക്പടിഞ്ഞാറ് മേഖലയിലേക്ക് നീങ്ങി. 95 കിലോമീറ്റർ വേഗതയിൽ കരതൊട്ട ചുഴലിക്കാറ്റിന്റെ ശക്തി പുലർച്ചെയോടെ കുറഞ്ഞു. ചുഴലിക്കാറ്റിൽ ആന്ധ്രപ്രദേശിൽ രണ്ട് മത്സ്യതൊഴിലാളികൾ മരിച്ചു. ഒരാളെകാണാതായി. കനത്ത മഴയിൽ ഗുജറാത്തിൽ ഒരാൾ മരിച്ചു. ബനാസ്‌കാന്ത ജില്ലയിലാണ് ഒരാൾ മരിച്ചത്. ഒഡീഷയിൽ 6 ജില്ലകളിൽ നിന്നായി 39000ത്തോളം പേരെ മാറ്റിപാർപ്പിച്ചു.
ഭുവനേശ്വർ വഴിയുള്ള ട്രെയിൻ സർവ്വിസുകൾ റദ്ദാക്കി. ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് ബുധനാഴ്ചവരെ വിലക്കുണ്ട്. ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമബംഗാൾ, തെലുങ്കാന, ചത്തിസ്ഗഡ് എന്നിവിടങ്ങളിൽ മഴ ശക്തമാണ്. മഹാരാഷ്ട്രയുടെ വിവിധ മേഖലകളിൽ കനത്ത മഴ തുടരുന്നു. മുംബൈ, പൂനെ, പാൽഗട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഉത്തരേന്ത്യയിലും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്.