‘സെല്ലിൽ നിന്ന് കമ്പി മുറിച്ച് ഇഴഞ്ഞു നീങ്ങി, പലതവണയായി വന്ന് സാധനങ്ങൾ ശേഖരിച്ചു'; ഗോവിന്ദച്ചാമി ജയിൽചാടുന്ന സിസിടിവി ദൃശ്യം പുറത്ത്

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയിൽ ചാടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പത്താം ബ്ലോക്കിലെ സെല്ലിന്റെ താഴ് ഭാഗത്തെ കമ്പികകൾ മുറിച്ചുമാറ്റി ഗോവിന്ദച്ചാമി പുറത്തേക്ക് കടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇയാളുടെ കൈയ്യിൽ ഒരു തുണികെട്ടും ദൃശ്യങ്ങളിൽ കാണാം.

ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച്ച സംഭവിച്ചുവെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങൾ. മുറിച്ചു മാറ്റിയ കമ്പികളിലൂടെ ഇഴഞ്ഞുനീങ്ങിയാണ് ഗോവിന്ദച്ചാമി പുറത്തുകടക്കുന്നത്. സെല്ലില്‍ നിന്ന് മുറിച്ചുമാറ്റിയ കമ്പികള്‍ക്കിടയിലൂടെ നൂന്നിറങ്ങിയ ഗോവിന്ദച്ചാമി കമ്പികള്‍ പഴയപടി ചേര്‍ത്തുവെക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആ സമയത്തുപോലും സെല്ലിന്റെ പരിസരത്ത് ഒരു ഉദ്യോഗസ്ഥർ പോലുമില്ല.

ഇക്കഴിഞ്ഞ ദിവസമായിരുന്നു ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്ത് ചാടുന്നത്. മാസങ്ങൾ മാസങ്ങൾ പണിപ്പെട്ടാണ് തന്റെ പദ്ധതി ഗോവിന്ദച്ചാമി ആസൂത്രണം നടത്തിയത്. പൊലീസ് ചോദ്യം ചെയ്യലിലാണ് ഗോവിന്ദച്ചാമി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജയിൽ കമ്പി തുരുമ്പിക്കാൻ ഉപ്പ് വെച്ചു, ശരീരഭാരം കുറച്ചുവെന്നും അടക്കമുള്ള വിവരങ്ങൾ ഗോവിന്ദച്ചാമി പൊലീസിനെ അറിയിച്ചു.

സെല്ലിന്റെ കമ്പികൾ നേരത്തെ മുറിച്ച് തുടങ്ങിയിരുന്നുവെന്നും ജയിൽ അധികൃതർക്ക് മനസിലാകാതിരിക്കാൻ കമ്പിയിൽ നൂൽ കെട്ടിവെച്ചുവെന്നും പ്രതി മൊഴി നൽകി. സെല്ലിന്റെ കമ്പിയുടെ താഴ്ഭാഗമാണ് മുറിച്ചത്. ജയിൽ മോചിതരായാവരുടെ തുണികൾ ശേഖരിച്ചു വെച്ചു. കുളിക്കാനുള്ള വെള്ളം ശേഖരിക്കുന്ന ടാങ്ക് വഴി ക്വാറന്റൈൻ ബ്ലോക്കിലെത്തി. തുടർന്ന് പ്ലാസ്റ്റിക് ഡ്രമ്മിന്റെ മുകളിൽ കയറി ഫെൻസിങ്ങിന്റെ തൂണിൽ കുടുക്കിട്ടുവെന്നും ഗോവിന്ദച്ചാമിയുടെ മൊഴിയിലുണ്ട്.

ബ്ലെയ്ഡ് ലഭിച്ചത് ജയിൽ അടുക്കളയിലെ ജോലിക്ക് പോയ അന്തേവാസിയിലൂടെയെന്നും ഗോവിന്ദച്ചാമി വെളിപ്പെടുത്തി. അരിഭക്ഷണം ഒഴിവാക്കി ശരീര ഭാരം കുറച്ചു. മാസങ്ങളായി വ്യായാമം ചെയ്തു. ചോറ് കഴിച്ചിരുന്നില്ല. ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു. ശരീരഭാരം പകുതിയായി കുറച്ചു. ജയിൽ കമ്പി കട്ട് ചെയ്യാനുള്ള ആയുധം നേരത്തെ എത്തിച്ചുവെന്നും ഗോവിന്ദച്ചാമി പൊലീസിന് മൊഴി നൽകിയിരുന്നു.

Read more