സംസ്ഥാനത്ത് മദ്യവില കൂടി

സംസ്ഥാനത്ത് മദ്യവില വര്‍ദ്ധന ഇന്ന് മുതല്‍ പ്രബല്യത്തില്‍ വന്നു.  മദ്യത്തിന്റെ വില്പന നികുതി കൂട്ടാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെയാണ് ഇത്. കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ പാസാക്കിയ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ പൊതുവില്‍പ്പന നികുതി ബില്ലിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.

വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോള്‍ സര്‍ക്കാരിന് ഉണ്ടാകുന്ന നഷ്ടം നികത്താനാണ് വില കൂട്ടുന്നത്. നാല് ശതമാനം നികുതിയാണ് വര്‍ദ്ധിപ്പിക്കുന്നത്. അതേസമയം മദ്യവിലയില്‍ കാര്യമായ വര്‍ധന ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.

പൊതു വില്‍പ്പന നികുതി നാല് ശതമാനം മാത്രമാണ് വര്‍ദ്ധിപ്പിക്കുന്നത്. ഒമ്പത് ബ്രാന്‍ഡുകള്‍ക്ക് വില കൂടും. ഇതില്‍ എട്ട് ബ്രാന്‍ഡുകള്‍ക്ക് 10 രൂപയും ഒരു ബ്രാന്‍ഡിന് 20 രൂപയുമാണ് വര്‍ദ്ധിക്കുന്നത്.

ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സര്‍ക്കാരിന്റെ മദ്യം ജവാനാണ്. ഒരു ലിറ്ററിന് 600 ആയിരുന്നത് 610 ആണ് ഇന്ന് മുതല്‍ ഈടാക്കുക. മദ്യത്തോടൊപ്പം ബിയറിനും വൈനിനും 2 % വില്‍പ്പന നികുതി വര്‍ദ്ധിക്കും.