നവോത്ഥാന സമിതി മാതൃകയില്‍ ഭരണഘടനാ സംരക്ഷണ സമിതി രൂപീകരിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

നവോത്ഥാന സംരക്ഷണ സമിതിയുടെ മാതൃകയില്‍ ഭരണഘടനാ സംരക്ഷണ സമിതി രൂപീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സിപിഎം സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തു. 29-ന് ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടു വെയ്ക്കും.

ഇന്നലെ ചേര്‍ന്ന, സിപിഎം സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നു വന്ന ആശയമാണിത്. ഞായറാഴ്ച മുഖ്യമന്ത്രി വിളിച്ച സര്‍വ്വ കക്ഷിയോഗത്തില്‍ ഇക്കാര്യം മുഖ്യമന്ത്രി തന്നെ അവതരിപ്പിക്കുകയും കൂടുതല്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുകയും ചെയ്യും. നേരത്തെ ശബരിമല പ്രക്ഷോഭ കാലത്ത് സര്‍ക്കാര്‍ നവോത്ഥാന മൂല്യസംരക്ഷണ സമിതി രൂപവത്കരിച്ചിരുന്നു. ഇതിന് സമാനമായ രീതിയിലായിരിക്കും ഭരണഘടനാസംരക്ഷണ സമിതിയും എന്നാണ് സൂചന.

പൗരത്വ നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന സിപിഎം നിലപാടിനോട് യോജിക്കുന്ന കക്ഷികളെ ഉൾക്കൊള്ളിച്ചായിരിക്കും ഭരണഘടനാമൂല്യ സംരക്ഷണ സമിതി രൂപവത്കരിക്കുക. വര്‍ഗ്ഗീയ പാര്‍ട്ടികളൊഴികെയുള്ളവരെ ക്ഷണിക്കാനാണ് സിപിഎം തീരുമാനം. ഒരേ നിലപാടിലുള്ളവരെ മുഖ്യമന്ത്രിയുടെ സര്‍വകക്ഷി യോഗത്തിലേക്കും ക്ഷണിക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരായ മനുഷ്യച്ചങ്ങലയിലേക്ക് വര്‍ഗ്ഗീയ കക്ഷികളൊഴികെയുള്ള പാർട്ടികളെ ക്ഷണിക്കാനും ഇന്നതെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി.