സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല നില്‍പ് സമരം ഇന്ന് മുതല്‍; പി.ജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല നില്‍പ് സമരം ഇന്ന് തുടങ്ങും. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം. ചികിത്സയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലായിരിക്കും സമരമെന്ന് കെജിഎംഒഎ അറിയിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. കോവിഡ് മാനദണ്ഡം പാലിച്ചാണ് സമരം നടത്തുക.

ശമ്പള പരിഷ്‌കരണം വന്നപ്പോള്‍ ആനുപാതിക വര്‍ദ്ധന വരുത്തിയില്ല. പകരം പല അലവന്‍സുകളും, ആനുകൂല്യങ്ങളും നിഷേധിക്കുകയും ചെയ്തു. ഇതെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അനുകൂല നടപടി ഉണ്ടായില്ലെന്ന് സംഘടന പറഞ്ഞു. മറ്റ് പല മേഖലകളിലെയും പുതിയ തസ്തികകള്‍ക്കായി ഉയര്‍ന്ന ശമ്പളം നിര്‍ണയിക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരെ അവഗണിക്കുകയാണ്. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ക്ക് വേണ്ട പരിഗണന നല്‍കുന്നില്ല. വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം, ജോലിഭാരം കണക്കാക്കിയും, വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചും ശമ്പളം നിശ്ചയിക്കണം എന്നിവയാണ് ഡോക്ടര്‍മാരുടെ ആവശ്യം.

Read more

അതേ സമയം സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ നടത്താനിരുന്ന ബഹിഷ്‌കരണ സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. പി.ജി ഡോക്ടര്‍മാരുടെ ആവശ്യം ന്യായമാണെന്ന് മന്ത്രി പറഞ്ഞു. പി.ജി ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ നോണ്‍ – അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ 2 ദിവസത്തിനുള്ളില്‍ നിയമിക്കും എന്നും മന്ത്രി ഉറപ്പ് നല്‍കി.