'മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചു, മൊഴി നൽകാത്തതിനാൽ ഉറങ്ങാൻ പോലും അനുവദിച്ചില്ല'; ഇ.ഡിക്ക് എതിരെ സന്ദീപ് നായരുടെ കത്ത്

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ആരോപണവുമായി  സ്വർണക്കടത്തു കേസിലെ പ്രതി സന്ദീപ് നായർ. ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണൻ കേസിൽ മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകൻറെയും പേര് പറയാൻ തന്നെ നിർബന്ധിച്ചു.  ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് കോടതി ജഡ്ജിക്ക് കത്ത് അയച്ചു.

മന്ത്രിമാരുടെയും ഉന്നത നേതാക്കളുടെയും പേരു പറഞ്ഞാൽ ജാമ്യം ലഭിക്കാൻ സഹായിക്കാമെന്ന് പറഞ്ഞു. ഒരു ഉന്നത നേതാവിന്റെ മകന്റെ പേര് പറയാനും നിർബന്ധിച്ചു. തനിക്ക് അറിയാത്ത ഒരു കമ്പനിയിൽ ഇവർക്ക് നിക്ഷേപമുണ്ടെന്ന് പറയാനും ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി.

സ്വർണക്കടത്തിലെ പണനിക്ഷേപം ഇഡി അന്വേഷിച്ചില്ല. ഇല്ലാക്കഥകൾ മാധ്യമങ്ങൾക്ക് നൽകി. ജീവന് ഭീഷണിയെന്നും കത്തിൽ സന്ദീപ് നായർ സൂചിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാത്തതിനാൽ ഉറങ്ങാൻ പോലും അനുവദിച്ചില്ല. തൻറെ ജീവന് ഇഡി ഉദ്യോഗസ്ഥരിൽ നിന്നും ഭീഷണിയുണ്ടെന്നും കത്തിൽ സന്ദീപ് നായർ പറഞ്ഞിട്ടുണ്ട്. ജയിൽ അധികൃതർ കത്ത് മെയിൽ വഴി കോടതിക്കും, സന്ദീപിന്റെ അഭിഭാഷകനും കൈമാറി.

എന്നാൽ ഇത് ഇഡിക്കെതിരെ ഉള്ള ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ഇതിന് മുമ്പ് പലതവണ കോടതിയിൽ ഹാജരാക്കിയപ്പോഴും  സന്ദീപ് നായർ ഇത്തരത്തിലുള്ള ഒരു കാര്യവും കോടതിയെ അറിയിച്ചിട്ടില്ല. കസ്റ്റഡിയിൽ കഴിയാൻ ആവശ്യപ്പെട്ട പ്രതിയാണ് ഇപ്പോൾ  ആരോപണവുമായി വരുന്നതെന്നും ഇഡി പറയുന്നു.