പൊന്നുംവില.., സ്വര്‍ണവില സര്‍വകാല റെക്കോഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍. ചൊവ്വാഴ്ച രാവിലെ പവന് 280 രൂപ കൂടി 42,160 രൂപയിലെത്തി. ഗ്രാമിന് 5,270 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഇതാദ്യമായാണ് 42,000 രൂപ കടന്ന് വില ഉയരുന്നത്. 2020 ഓഗസ്റ്റ് 7ന് സ്വര്‍ണവില 42,000 രൂപയില്‍ എത്തിയിരുന്നു. മൂന്ന് ദിവസം ഈ നിലയില്‍ തുടര്‍ന്ന ശേഷം പിന്നീട് കുറയുകയായിരുന്നു. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5,250 രൂപയായിരുന്നു വില.

ജനുവരി 20 മുതല്‍ തുടര്‍ച്ചയായ നാലു ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. 41,880 ആയിരുന്നു പവന്‍ വില. ജനുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 40,360 രൂപ രേഖപ്പെടുത്തി.

കഴിഞ്ഞ 50 വര്‍ഷത്തിനിടെ സ്വര്‍ണ വില 19,000 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 1973ല്‍ 24 കാരറ്റ് തങ്കക്കട്ടി കിലോഗ്രാമിന് 27,850 രൂപയായിരുന്നു. ഇന്ന് 59 ലക്ഷം രൂപയാണ് ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം ബാങ്കില്‍ ലഭിക്കുന്നതിന് വേണ്ടി വരുന്നത്. 21000 ശതമാനമാണ് വില വര്‍ധനവാണിത്.