'വികസനത്തിന് ആരാധാനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാലും ദൈവം ക്ഷമിക്കും'; ജഡ്ജിനെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

വികസനത്തിന്റെ പേരില്‍ ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവങ്ങള്‍ ക്ഷമിച്ചോളും എന്ന് ഹൈക്കോടതി. ദേശീയപാതാ അലൈന്മെന്റ് ആരാധനാലയങ്ങള്‍ക്ക് വേണ്ടി മാറഅറം വരുത്തേണ്ടതില്ലെന്നും കോടതി പറഞ്ഞു. കൊല്ലം ഉമയനെല്ലൂരില്‍ ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി പരാമര്‍ശം. ആര്‍ക്കും പ്രശ്‌നമില്ലാതെ വികസനം നടക്കില്ലെന്നും കോടതി നിരീക്ഷണം നടത്തി.

“മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു” എന്ന വരികള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വികസനത്തിന് ആരാധനാലയങ്ങള്‍ തടസമാകരുതെന്ന് വ്യക്തമാക്കിയത്. “”ദൈവം സര്‍വ്വവ്യാപിയാണ്. ദേശീയപാതയുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാല്‍ അത് ദൈവം ക്ഷമിച്ചോളും. ഈ ഉത്തരവിറക്കുന്ന ജഡ്ജിയോടും, വിധി നടപ്പാക്കുന്ന അധികൃതരോടും ഹര്‍ജിക്കാരോടും”” എന്നും കോടതി പറഞ്ഞു.

അനാവശ്യമായ കാര്യങ്ങളുടെ പേരില്‍ ദേശീയ പാത വികസനത്തിനുള്ള സ്ഥമേറ്റെടുപ്പില്‍ ഇടപെടാനാകില്ല. രാജ്യത്തിന്റെ വികസനത്തിന് ദേശീയപാതയുടെ വികസനം ആവശ്യമാണ്. പൊതുതാല്‍പര്യത്തിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പുമായി സ്ഥലമുടമകള്‍ സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതെ വികസന പദ്ധതികള്‍ നടപ്പാക്കാനാകില്ല. ഇത്തരം ബുദ്ധിമുട്ടുകള്‍ വികസനത്തിന്റെ ഭാഗമാണെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ വിധിയില്‍ വ്യക്തമാക്കി.

അന്തരിച്ച പ്രശസ്ത സിനിമാ നടനായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മകനും, കൈപത്രം ദാമോധരന്‍ നമ്പൂതിരിയുടെ ഭാര്യാ സഹോദരനും കൂടിയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍. ഇഎംഎസ്, എകെജി തുടങ്ങിയ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക്ടക്കം ഒളിവു ജീവിതത്തില്‍ സഹായിച്ച ആദ്യ കാല കമ്മ്യൂണിസ്റ്റ് കൂടിയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. സമൂഹമാധ്യമങ്ങളില്‍ ജഡ്ജിനെ അഭിനന്ദിച്ചുകൊണ്ടു നിരവധിപേരാണ് രംഗത്തെത്തിയത്.