ട്രെയിനിൽ നിന്നും തള്ളിയിട്ട പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ല; 19കാരി ഇപ്പോഴും ഐസിയുവിൽ

തിരുവനന്തപുരം വർക്കലയിൽ സഹയാത്രികൻ ട്രെയിനിൽ നിന്നും തള്ളിയിട്ട പത്തൊൻപതുകാരി അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയചന്ദ്രന്‍. ന്യൂറോ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളും ചേര്‍ന്നുള്ള ചികിത്സയാണ് നിലവില്‍ നല്‍കുന്നത്. തലച്ചോറിനാണ് പരിക്കേറ്റിരിക്കുന്നതെന്നും തലച്ചോറില്‍ ചതവുണ്ടെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

വെന്റിലേറ്ററിന്റെ സഹായം ഇപ്പോഴും നല്‍കുന്നുണ്ട്. സര്‍ജിക്കല്‍ ഐസിയുവിലാണ് പെണ്‍കുട്ടി ഇപ്പോഴുള്ളതെന്നും ഡോ. ജയചന്ദ്രന്‍ വ്യക്തമാക്കി. ഇതിനിടയിൽ ചികിത്സയിൽ തൃപ്തയല്ലെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞിരുന്നു. അതിനെക്കുറിച്ചും ഡോക്ടർ സംസാരിച്ചു. ‘പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സംഘമാണ് പെണ്‍കുട്ടിയെ ചികിത്സിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെ ഒരു പ്രതികരണം നടത്തിയത് എന്ന് അറിയില്ല’ ഡോക്ടർ വ്യക്തമാക്കി.

സംഭവത്തിൽ പ്രതിയായ സുരേഷിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. പ്രതി പെൺകുട്ടിയെ തള്ളിയിട്ടത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണെന്ന് എഫ്‌ഐആറിൽ പറയുന്നു. വഴി മാറി കൊടുക്കാത്തത് പ്രകോപനത്തിന് കാരണമായി എന്നും എഫ്‌ഐആറിൽ ഉണ്ട്. കേരള എക്സപ്രസ്സിലെ SLR കോച്ചിൽ വാതിൽ ഭാഗത്ത് നിന്ന് യാത്രചെയ്യുകയായിരുന്ന പെൺകുട്ടിയെ പ്രതി ചവിട്ടി പുറത്തെറിയുകയായിരുന്നു. രാത്രി 8 മണിയോടുകൂടി ഡി കോച്ചിൽ യാത്ര ചെയ്തു വന്ന പ്രതി വാതിൽ ഭാഗത്ത് എത്തിയ സമയം പെൺകുട്ടി മാറികൊടുത്തില്ല. ഇതായിരുന്നു പ്രതിയ്ക്ക് പെൺകുട്ടിയുമായുള്ള വിരോധത്തിന് കാരണമായത്.

Read more

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്താൻ പ്രതിയായ സുരേഷ് കുമാർ ശ്രമിച്ചിരുന്നുവെന്നും അങ്ങനെയാണ് പെൺകുട്ടിയെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയിട്ടതെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. പെൺകുട്ടിയെ തള്ളിയിടുന്നത് കണ്ട സുഹൃത്തിനെയും പ്രതിആക്രമിക്കാൻ ശ്രമിച്ചു. വധശ്രമം ഉൾപ്പടെ ബി എൻ എസ് 102 വകുപ്പ് ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.