ഷാൻ കൊലപാതകം: അഞ്ചു പേർ പിടിയിൽ; ആരോപണങ്ങൾ തള്ളി എസ് പി

ഷാന്‍ ബാബു കൊലക്കേസുമായി ബന്ധപ്പെട്ട് പോലീസിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ. പരാതി ലഭിച്ചിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന ആരോപണം തെറ്റാണ്. പരാതി ലഭിച്ചാല്‍ സ്വീകരിക്കേണ്ട നടപടികള്‍  പെട്ടെന്ന് തന്നെ പോലീസ് ചെയ്തിട്ടുണ്ട്. അതിനാല്‍ പോലീസിനെതിരായ ആരോപണങ്ങള്‍ ശരിയല്ലെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഷാന്‍ ബാബു വധക്കേസില്‍ പ്രതികളായ അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തതായും എസ്.പി. കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസമാണ് കൊല്ലപ്പെട്ട ഷാനിന്റെ അമ്മ പോലീസിനെതിരേ രംഗത്തെത്തിയത്. മകനെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടും പോലീസ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നായിരുന്നു അവരുടെ ആരോപണം. ജോമോനാണ് മകനെ കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസിനെ അറിയിച്ചിരുന്നതായും എന്നാല്‍ മകന്റെ മൃതദേഹമാണ് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടിട്ടതെന്നും അമ്മ പറഞ്ഞിരുന്നു.

അഞ്ചുപേരാണ് കേസിലെ പ്രതികള്‍. രണ്ടുപേരെ കഴിഞ്ഞദിവസം തന്നെ പിടികൂടി. ബാക്കി മൂന്നുപേരെ ചൊവ്വാഴ്ച പുലര്‍ച്ചെയും പിടികൂടി. ഇവരുടെ ഓട്ടോയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒക്ടോബറില്‍ ഒന്നാംപ്രതിയായ ജോമോന്റെ സുഹൃത്തിനെ ഷാനിന്റെ സുഹൃത്ത് തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചിരുന്നു. ഇത് ഫോണില്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഈ ദൃശ്യങ്ങള്‍ക്ക് ഷാന്‍ബാബുവും സുഹൃത്തുക്കളും ചില കമന്റുകള്‍ ചെയ്തത് ജോമോനും കൂട്ടാളികള്‍ക്കും അപമാനമുണ്ടാക്കി. ഈ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും എസ്.പി. പറഞ്ഞു.

പ്രധാനറോഡില്‍ പോലീസിന്റെ വാഹനപരിശോധന ഉണ്ടായിരുന്നതിനാല്‍ ഷാന്‍ബാബുവിന്റെ മൃതദേഹവുമായി പ്രതികള്‍ മറ്റൊരു വഴിയിലൂടെയാണ് വന്നത്. പോലീസ് സ്‌റ്റേഷന് സമീപത്തുവെച്ച് മറ്റുള്ളവര്‍ ജോമോനെ ഇറക്കിവിട്ട് മടങ്ങി. തുടര്‍ന്നാണ് ജോമോന്‍ മൃതദേഹവുമായി സ്‌റ്റേഷന്റെ മുന്നിലെത്തിയത്.

Read more

കൊല്ലപ്പെട്ട ഷാന്‍ബാബു നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയായിട്ടുണ്ടെന്നും എസ്.പി. അറിയിച്ചു. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ വാളയാറില്‍വെച്ചാണ് ഷാന്‍ബാബു എക്‌സൈസിന്റെ പിടിയിലായത്. ഈ കേസില്‍ ഓഗസ്റ്റ് മാസം വരെ ജയിലില്‍ കഴിഞ്ഞിരുന്നു. ഷാനിന്റെ സുഹൃത്തുക്കളില്‍ മിക്കവരും സാമൂഹികവിരുദ്ധരുടെ പട്ടികയിലുള്ളവരാണ്. ഇവരാരും ഇപ്പോള്‍ സ്ഥലത്തില്ലെന്നും കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും എസ്.പി. പറഞ്ഞു.