ഫസല്‍ വധക്കേസ്: സി.പി.എം നേതാവ് കാരായി രാജന് എതിരെ ജാമ്യമില്ലാ വാറണ്ട്

തലശ്ശേരി ഫസല്‍ വധക്കേസ് പ്രതി സിപിഎം നേതാവ് കാരായി രാജനെതിരെ ജാമ്യമില്ലാ വാറണ്ട്. കേസില്‍ പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസ് നവംബര്‍ ഒമ്പതിന് പരിഗണിക്കും.

കാരായി രാജന്റെ അവധി അപേക്ഷ കോടതി തള്ളി. കൊടി സുനിയടക്കം ഏഴു പേര്‍ക്കെതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2006 ഒക്ടോബര്‍ 22ന് തലശ്ശേരിയില്‍ മുഹമ്മദ് ഫസല്‍ കൊല്ലപ്പെടുന്നത്. തലശ്ശേരി സെയ്ദാര്‍ പള്ളിക്കു സമീപം 2006 ഒക്ടോബര്‍ 22നു (റമളാന്‍ മാസത്തിലെ അവസാന നോമ്പ് ദിവസം) പുലര്‍ച്ചെയാണ് പത്രവിതരണക്കാരനായ ഫസല്‍ കൊല്ലപ്പെട്ടത്.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിബിഐ അന്വേഷണം നടക്കുന്ന ആദ്യത്തെ കേസ് ഫസല്‍ വധക്കേസ് ആയിരുന്നു. സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍.ഡി.എഫില്‍ ചേര്‍ന്നതിലുള്ള രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് സിബിഐ കണ്ടെത്തിയിരുന്നു.

കൊടി സുനി, സി.പി.എം. നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരടക്കം എട്ടുപേര്‍ പ്രതികളാണെന്നും കണ്ടെത്തി. 2013-ല്‍ കാരായി രാജനും ചന്ദ്രശേഖരനും കോടതി ജാമ്യം അനുവദിച്ചു. എറണാകുളം വിട്ടുപോകരുതെന്നായിരുന്നു വ്യവസ്ഥ. 2021 ഓഗസ്റ്റില്‍ ഹൈക്കോടതി ഈ വ്യവസ്ഥ ഇളവുചെയ്തു.